തിരുവനന്തപുരം: യുവാവിനെ ആക്രമിച്ച കേസിൽ സോഷ്യൽ മീഡിയ താരം മീശ വിനീത് പൊലീസിന്റെ പിടിയിൽ. മടവൂർ സ്വദേശിയായ യുവാവിന്റെ തല അടിച്ചു പൊട്ടിച്ച കേസിലാണ് പള്ളിക്കൽ പൊലീസ് ഇയാളെ പിടികൂടിയത്. ഇക്കഴിഞ്ഞ 16ന് ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
മീശവിനീത് ഉൾപ്പെട്ട 4 അംഗ സംഘം രണ്ടു ബൈക്കുകളിലായി മടവൂരിൽ എത്തി യുവാവിനെ ആക്രമിക്കുകയായിരുന്നു. തുടർന്ന് ഇദ്ദേഹത്തിന്റെ തല അടിച്ചു പൊട്ടിച്ച ശേഷം സ്ഥലം വിടുകയായിരുന്നു. വിനീത് കേസിലെ മൂന്നാം പ്രതിയാണ്. മറ്റു പ്രതികളെ പിടികൂടിയിട്ടില്ല. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയിൽ നിന്നും സ്വർണാഭരണങ്ങൾ തട്ടിയ കേസിൽ ആഗസ്റ്റിൽ മീശ വിനീത് പിടിയിലായിരുന്നു. സ്വർണാഭരണം വാങ്ങി പണയം വെച്ചശേഷം തിരികെ നൽകാമെന്ന് പറഞ്ഞ് യുവതിയെ വിളിച്ച് വരുത്തി ഉപദ്രവിക്കുകയായിരുന്നു ഇയാൾ.
കിളിമാനൂർ വെള്ളല്ലൂർ സ്വദേശിയും സോഷ്യൽ മീഡിയ താരവുമാണ് ‘മീശ വിനീത്’ എന്ന് വിളിക്കുന്ന വിനീത് (26). സ്വർണ്ണാഭരണങ്ങള്‍ തിരികെ ചോദിച്ച യുവതിയെ പറഞ്ഞു വിശ്വസിപ്പിച്ച് വീട്ടിലേക്ക് വിളിച്ചു വരുത്തിയശേഷം വീടിനുള്ളിൽ വച്ച് മർദ്ദിച്ചെന്ന പരാതിയിലാണ് അന്ന് വിനീതിനെ പൊലീസ് പിടികൂടിയത്. മീശ വിനീത് നേരത്തെ മോഷണ കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ്.