തിരുവനന്തപുരം : തിരുവനന്തപുരത്തെ സ്മാര്‍ട്ട് സിറ്റി റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട റോഡു വിവാദത്തില്‍ മന്ത്രി മുഹമ്മദ് റിയാസിന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ രൂക്ഷവിമര്‍ശനം. മന്ത്രിയുടെ പ്രസംഗം അപക്വമെന്ന് യോഗം വിലയിരുത്തി. വിഷയത്തില്‍ സെക്രട്ടേറിയറ്റ് മന്ത്രിയെ അതൃപ്തി അറിയിച്ചു.
മന്ത്രി റിയാസിന്റെ പ്രസംഗത്തില്‍ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും വിമര്‍ശനം ഉന്നയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. മന്ത്രിക്ക് ജാഗ്രതക്കുറവുണ്ടായെന്നും യോഗം വിലയിരുത്തി. സ്മാര്‍ട്ട് സിറ്റി റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട്, ജില്ലയിലെ സിപിഎം നേതാക്കള്‍ക്ക് കരാറുകാരുമായി ദുരൂഹ ഇടപാടുകളുണ്ടെന്ന ധ്വനിയോടെയുള്ള മന്ത്രി റിയാസിന്റെ പ്രസംഗമാണ് പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയായത്.
റോഡ് നിര്‍മ്മാണം ഇഴഞ്ഞു നീങ്ങുന്നത് തിരുവനന്തപുരം നഗരസഭയുടെ വികസന സെമിനാറില്‍ മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രന് വിമര്‍ശിച്ചിരുന്നു. ഇതിനു മറുപടിയെന്നോണം പൊതുവേദിയില്‍ മന്ത്രി മുഹമ്മദ് റിയാസ് നടത്തിയ പ്രതികരണവും വന്‍ വിവാദമായിരുന്നു. കരാറുകാരെ തൊട്ടപ്പോള്‍ ചിലര്‍ക്ക് പൊള്ളിയെന്നും മന്ത്രി റിയാസ് അഭിപ്രായപ്പെട്ടിരുന്നു.