സ്കോഡ എപ്പിക്ക് എന്ന പേരിൽ പുതിയ ഇലക്ട്രിക് മോഡൽ വിപണിയിലെത്തിക്കുന്നു. യൂറോപ്യൻ വിപണികളിൽ സ്കോഡ എത്തിച്ചിട്ടുള്ള കാമിക്കിനും ഫോക്സ്വാഗൺ ഇറക്കിയിട്ടുള്ള ടി ക്രോസിനും പകരമായിരിക്കും എപ്പിക് ഇലക്ട്രിക് എത്തുകയെന്നാണ് വിലയിരുത്തലുകൾ. ഇന്ത്യയിലേക്കും ഈ വാഹനത്തെ പരിഗണിച്ചേക്കും.
യൂറോപ്യൻ വിപണിയിൽ 25,000 യൂറോ (22.5 ലക്ഷം രൂപ) ആയിരിക്കും വാഹനത്തിന്റെ വില. കോംപാക്ട് എസ്.യു.വി. ശ്രേണിയിലേക്ക് 2025-ലാണ് വാഹനം എത്തുന്നത്. സ്കോഡയുടെ ന്യൂജനറേഷൻ ഡിസൈൻ ലാംഗ്വേജ് അനുസരിച്ചാണ് എപ്പിക് ഒരുക്കിയിരിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങൾക്കായി പ്രത്യേകം ഒരുക്കിയിട്ടുള്ള അലോയി വീലുകളും സ്ട്രോങ്ങ് ഷോൾഡർ ലൈനുകളുമാണ് വശങ്ങൾക്ക് എസ്.യു.വി ഭാവം നൽകുന്നത്.
38 കിലോവാട്ട് മുതൽ 56 കിലോവാട്ട് വരെ ശേഷിയുള്ള ബാറ്ററിയായിരിക്കും എപ്പിക്കിൽ നൽകുക. സ്കോഡ ഇലക്ട്രിക് വാഹനങ്ങൾക്ക് പേര് നൽകുന്നതിൽ പാലിക്കുന്ന കീഴ്വഴക്കം ഈ വാഹനത്തിന്റെ കാര്യത്തിലും പിന്തുടർന്നിട്ടുണ്ട്. ഇ എന്ന അക്ഷരത്തിൽ ആരംഭിച്ച് ക്യൂ എന്ന അക്ഷരത്തിൽ അവസാനിക്കുന്ന തരത്തിലാണ് എപ്പിക് എന്ന പേര് നൽകിയിരിക്കുന്നത്.