ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതി അർജുനെ കോടതി വെറുതെ വിട്ടു. കൊലപാതകം, ബലാത്സംഗം എന്നിവ തെളിയിക്കാൻ പ്രൊസിക്യൂഷന് കഴിഞ്ഞില്ലെന്ന് വ്യക്തമാക്കിയാണ് കോടതി പ്രതിയെ കുറ്റവിമുക്തനാക്കി വെറുതെ വിട്ടത്. കട്ടപ്പന അതിവേഗ സ്പെഷല്‍ കോടതിയുടേതാണ് ഉത്തരവ്.
പ്രതിക്കെതിരായി കേസ് കെട്ടിച്ചമച്ചതാണെന്നും പോലീസ് തെളിവുകൾ കൃത്രിമമായി ഉണ്ടാക്കിയതാണെന്നും വിധിപ്രസ്താവത്തിനു ശേഷം അഭിഭാഷകൻ അഡ്വ. എസ്.കെ. ആദിത്യൻ അറിയിച്ചു. കേസ് പുനരന്വേഷണം നടത്താനും പ്രതിക്ക് നഷ്ടപരിഹാരവും ആവശ്യപ്പെടുമെന്നും അദ്ദേഹം അറിയിച്ചു. 2021 ജൂണ്‍ 30ന് ആണ് മനുഷ്യ മനസാക്ഷിയെ നടുക്കുന്ന സംഭവമുണ്ടായത്. കഴുത്തില്‍ ഷാള്‍ കുരുങ്ങിയാണ് മരണമെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ കുട്ടി ക്രൂര പീഡനത്തിന് ഇരയായിട്ടുണ്ടെന്നും മരണം കൊലപാതകമാണെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞതോടെ പോലീസ് അന്വേഷണമാരംഭിച്ചു.
വണ്ടിപ്പെരിയാര്‍ സ്വദേശി അര്‍ജുനാണ് കൃത്യം ചെയ്തതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. പീഡനത്തിനിടെ ബോധരഹിതയായ പെണ്‍കുട്ടിയെ പ്രതി കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായി.വണ്ടിപ്പെരിയാര്‍ സിഐ ആയിരുന്ന ടി.ഡി സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. 2021 സെപ്റ്റംബര്‍ 21 ന് കുറ്റപത്രം സമര്‍പ്പിച്ചു. കൊലപാതകം, ബലാത്സംഗം, പോക്സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ എന്നിവ പ്രതിക്കെതിരെ ചുമത്തിയിരുന്നു.