കൊച്ചി : കോതമംഗലത്ത് ആറു വയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ദുര്‍മന്ത്രവാദവും കാരണമായിട്ടുണ്ടോയെന്ന സംശയത്തില്‍ പൊലീസ്. കേസില്‍ അറസ്റ്റിലായ രണ്ടാനമ്മ അനിഷ നല്കിയ മൊഴികളില്‍ വൈരുധ്യമുണ്ട്. രണ്ടാനമ്മയെ ഇന്ന് കോടതിയില്‍ ഹാജരാകും. അനിഷയുടെ ഭര്‍ത്താവും കുട്ടിയുടെ പിതാവുമായ അജാസ് ഖാന് പൊലീസ് കസ്റ്റഡിയില്‍ തുടരുകയാണ്.
കുട്ടിയുടെ കൊലപാതകത്തില്‍ അജാസ് ഖാന് നേരിട്ട് പങ്കില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. അതേസമയം ദുര്‍മന്ത്രവാദത്തിന്റെ കാര്യത്തില്‍ അവ്യക്തമായ സംശയം ഉണ്ടെന്ന് പൊലീസ് സൂചിപ്പിച്ചു. പ്രതിയെയും ഭര്‍ത്താവ് അജാസ് ഖാനെയും ചോദ്യം ചെയ്തപ്പോഴാണ് ദുര്‍മന്ത്രവാദം പോലുള്ള അന്ധവിശ്വാസങ്ങള്‍ കൊണ്ടുനടന്നിരുന്ന വ്യക്തികളാണ് ഇവരെന്ന് പൊലീസിന് സംശയം തോന്നിയത്.
നെല്ലിക്കുഴിയില്‍ സ്ഥിര താമസമാക്കിയ ഉത്തര്‍പ്രദേശ് സ്വദേശി അജാസ് ഖാന്റെ ആറു വയസുകാരിയായ മകള്‍ മുസ്കാനെ ഇന്നലെ രാവിലെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കളമശ്ശേരി മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിലാണ് കഴുത്തുഞെരിച്ച് ശ്വാസം മുട്ടിച്ചാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തിയത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലില്‍ അജാസ് ഖാന്റെ രണ്ടാം ഭാര്യ അനിഷ കുറ്റം സമ്മതിച്ചിരുന്നു.
അജാസ് ഖാന് ആദ്യ ഭാര്യയിലുള്ള കുട്ടിയാണ് കൊല്ലപ്പെട്ട മുസ്കാന്. അനിഷയ്ക്കും ആദ്യ വിവാഹ ബന്ധത്തില്‍ ഒരു കുട്ടിയുണ്ട് . അടുത്തിടെ അജാസ് ഖാനില്‍ നിന്ന് നിഷ വീണ്ടും ഗര്‍ഭിണിയായിരുന്നു. ഒരു കുട്ടി കൂടി വരുമ്പോള്‍ മുന്നോട്ടുള്ള ജീവിതത്തിന് മുസ്കാന് തടസമാകുമോ എന്ന ചിന്തയാണ് കൊലപാതകത്തിന് കാരണമെന്നാണ് പറയുന്നത്. രണ്ടു വര്‍ഷം മുമ്പാണ് അജാസ് ഖാന്റെ ആദ്യഭാര്യ ഉപേക്ഷിച്ചു പോകുന്നത്.