ഇടുക്കി: വണ്ടിപ്പെരിയാറിൽ ആറുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയെ വെറുതെവിട്ട വിധി ഉൾക്കൊള്ളാൻ പറ്റുന്നില്ലെന്ന് കുട്ടിയുടെ പിതാവ്. വാളയാർ കേസ് പോലെ ഇതും റീ ഓപൺ ചെയ്യണമെന്നും കോടതിവിധിക്കെതിരെ മേൽക്കോടതിയെ സമീപിക്കുമെന്നും പിതാവ് പറഞ്ഞു.
‘അർജുൻ തന്നെയാണ് പ്രതിയെന്നതിൽ സംശയമില്ല. തൊട്ടടുത്ത വീട്ടിലെ പയ്യനാണ് അവൻ. ഞങ്ങൾ ഒരു കുടുംബം പോലെ കഴിഞ്ഞവരാണ്..കുട്ടിയെ സ്കൂളിൽ കൊണ്ടുപോകുന്നത് പോലും അവനാണ്..ഇവൻ തന്നെയാണ് ചെയ്തതെന്ന് നൂറ് ശതമാന ഉറപ്പുണ്ട്’…പിതാവ് പറഞ്ഞു.കൊലപാതകത്തിന്റെ മൂന്ന് ദിവസം മുമ്പ് വരെ കുട്ടിയെ കണ്ടിട്ടേയില്ലെന്നാണ് അർജുൻ മൊഴി നൽകിയത്. എന്നാൽ അന്ന് കുട്ടിയെ മടിയിലിരുത്തി മൊബൈൽ കളിക്കുന്നത് കണ്ടെന്ന് ഇവന്റെ പെരിയമ്മ തന്നെയാണ് പൊലീസിന് മൊഴിനൽകിയത്.ചോദ്യം ചെയ്തതിന് പിന്നാലെ അർജുൻ വളരെ ഭയപ്പെട്ടിരുന്നു. തെളിവുകളെല്ലാം നശിപ്പിക്കാനും ശ്രമിച്ചു. കൊലപാതകം നടന്ന് മൂന്ന് ദിവസം കഴിഞ്ഞാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട് കിട്ടിയത്. നാലാം ദിവസമാണ് പ്രതിയെ പിടികൂടുന്നത്’… പിതാവ് പറയുന്നു.
‘പ്രതിഭാഗം എന്ത് വാദിച്ചോ അതാണ് കോടതിയിൽ തെളിവായി വന്നത്. കേസ് റീ ഓപൺ ചെയ്യണമെന്നും സിബിഐക്ക് കൈമാറും എന്നൊക്കെ പ്രതിഭാഗം വക്കീൽ പറഞ്ഞിരുന്നു. ആണത്തം ഉള്ളവരാണെങ്കിൽ കേസ് സി.ബി.ഐക്ക് കൈമാറട്ടെ..അവസാനം കേസ് വീണ്ടും അർജുനിലേക്ക് എത്തുമെന്ന് ഞങ്ങൾക്ക് വിശ്വാസമുണ്ട്’. വാദം കേട്ട ജഡ്ജിക്ക് എല്ലാ സത്യങ്ങളും അറിയാമായിരുന്നു, ജഡ്ജി മാറിയില്ലെങ്കിൽ അവന് വധശിക്ഷ ലഭിക്കുമായിരുന്നെന്നും പിതാവ് പറയുന്നു.