കൊല്ലം : ഓയൂരിലെ തട്ടിക്കൊണ്ടു പോകലുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത മൂന്ന് പേരെ അറിയില്ലെന്ന് കുട്ടി. ഇവരുടെ ചിത്രങ്ങള്‍ കുട്ടിയെ കാണിച്ചു. കുട്ടിയുടെ വീട്ടില്‍ വെച്ചാണ് ചിത്രങ്ങള്‍ കാണിച്ചത്. അതേസമയം പ്രതിയെന്ന് സംശയിക്കുന്നവരില്‍ ഒരാളെയും കസ്റ്റഡിയിലെടുത്ത നീല കാറും അടൂരിലെ എആര്‍ ക്യാമ്പിലെത്തിച്ചു.
മൂന്ന് പേരെയാണ് തെങ്കാശിയിലെ പുളിയറയില്‍ നിന്ന് കൊല്ലം എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഒരു കുടുംബത്തിലെ മൂന്ന് പേരെയാണ് കസ്റ്റഡിയിലെത്തിരിക്കുന്നതെന്നാണ് വിവരം. കുട്ടിയുടെ പിതാവുമായുള്ള സാമ്പത്തിക തര്‍ക്കമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് പൊലീസ് അറിയിക്കുന്നത്. വിദേശത്ത് പോകാന്‍ പണം വാങ്ങി തട്ടിച്ചതിലെ പ്രതികാരമാണെന്നാണ് പുറത്തു വരുന്ന വിവരം.
അന്വേഷണത്തിന്റെ അഞ്ചാം ദിവസമാണ് പ്രതികളെന്ന് സംശയിക്കുന്നവരെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. പിടിയിലായവര്‍ക്ക് കൃത്യത്തില്‍ നേരിട്ട് പങ്കുണ്ടോ എന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല. പൊലീസ് പല സംഘങ്ങളായി തിരിഞ്ഞ് നടത്തിയ പരിശോധനയിലാണ് നിലവില്‍ 3 പേര് പിടിയിലായിരിക്കുന്നത്.