കല്‍പ്പറ്റ : പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണത്തില്‍ ആറുപേര്‍ അറസ്റ്റില്‍. മൊഴിയെടുക്കാന്‍ വിളിപ്പിച്ച എട്ടുപേരില്‍ ആറുപേരെയാണു അറസ്റ്റ് ചെയ്തത്. പതിനെട്ടുപേരാണ് കേസില്‍ പ്രതികള്‍.
എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി ഉള്‍പ്പെടെയുള്ള പന്ത്രണ്ട് പേര് ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. സംഭവം ആദ്യം മുതലേ ഒതുക്കിത്തീര്‍ക്കാനാണു ക്യാമ്പസ് അധികൃതരും പൊലീസും ശ്രമിച്ചത്. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണു സിദ്ധാര്ഥന് ക്രൂരമര്‍ദനത്തിനിരയായെന്നു തെളിഞ്ഞത്.
കെ അരുണ്‍,എന്‍ ആസിഫ് ഖാന്, എസ്എഫ്ഐ. യൂണിറ്റ് സെക്രട്ടറി അമല്‍ ഇഹ്സാന്‍, കെ. അഖില്‍, ആര്‍എസ് കാശിനാഥന്, അമീന് അക്ബര്‍ അലി, സിന്‍ജോ ജോണ്സണ്, ജെ അജയ്, ഇകെ സൗദ് റിസാല്‍, എ അല്‍ത്താഫ്, വി ആദിത്യന്, എം മുഹമ്മദ് ഡാനിഷ് എന്നിവരുടെ പേരിലാണ് നേരത്തെ കേസെടുത്തിരുന്നത്. നാലുപേര്‍ സിദ്ധാര്‍ഥന്റെ ക്ലാസില്‍ പഠിക്കുന്നവരാണ്. 12 വിദ്യാര്‍ഥികളെയും അന്വേഷണവിധേയമായി കോളജില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. സംഭവത്തില്‍ ഇത്രയുംദിവസമായിട്ടും പ്രതികളായ എസ്എഫ്ഐക്കാരെ പിടികൂടാത്തതില്‍ പൊലീസിനെതിരേ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു.
ബിവിഎസ്സി രണ്ടാംവര്‍ഷ വിദ്യാര്‍ഥിയായ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സിദ്ധാര്‍ഥനെ ഫെബ്രുവരി 18-നാണ് ഹോസ്റ്റലിലെ കുളിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വാലെന്റൈന്‍സ് ഡേ ദിനാചരണവുമായി ബന്ധപ്പെട്ട് കോളേജിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് കോളജില്‍വെച്ച് സിദ്ധാര്ഥന് ക്രൂരമര്‍ദനവും ആള്‍ക്കൂട്ട വിചാരണയും നേരിടേണ്ടിവന്നുവെന്നാണ് പരാതി. മൂന്നുദിവസം ഭക്ഷണംപോലും നല്‍കാതെ തുടര്‍ച്ചയായി മര്‍ദിച്ചെന്നും ആരോപണമുണ്ടായിരുന്നു.