


ഷിംല : ഹിമാചൽ പ്രദേശിലെ ചമ്പയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് ആറ് പേർ മരിച്ചു, നാല് പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച പുലർച്ചെ കകിരയിലായിരുന്നു അപകടം. ഗുജറാത്തിൽ നിന്നുള്ള വിനോദസഞ്ചാരികളായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. മണാലിയിൽ നിന്ന് ഡൽഹൗസിയിലേക്ക് 10 പേരുമായി പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. ഗുജറാത്ത് സ്വദേശികളായ ലളിത് ഭായ് ഫട്നാനി, ഭാര്യ മംമ്ത, പ്രിയങ്ക് കനയ്യ ലാൽ, ഭാര്യ കാജൽ, മകൻ ദിയാൻഷ്, മണ്ടിയിലെ ജോഗീന്ദർനഗർ സബ്ഡിവിഷനിൽ താമസിക്കുന്ന ഡ്രൈവർ ജസ്വന്ത് എന്നിവരാണ് മരിച്ചത്.
നിയന്ത്രണം തെറ്റിയ കാർ ആഴത്തിലുള്ള കൊക്കയിലേക്ക് വീഴുകയായിരുന്നു. കുത്തനെയുള്ള വളവ് മറികടക്കുന്നതിനിടെ ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്ന് പരിക്കേറ്റവർ പറഞ്ഞു. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.