ബംഗളൂരു : കർണാടകയിൽ റോഡിൽ പാകിസ്താൻ പതാകയുടെ സ്റ്റിക്കറുകൾ പതിപ്പിച്ച സംഭവത്തിൽ ആറ് ബജ്റംഗ് ദൾ പ്രവർത്തകർ കസ്റ്റഡിയിൽ. കർണാടകയിലെ കലബുറഗിയിലെ റോഡുകളിൽ വെള്ളിയാഴ്ച രാവിലെയോടെയാണ് പാക് പതാകകൾ പ്രത്യക്ഷപ്പെട്ടത്.
ജഗത് സർക്കിൾ, സാത്ത് ഗുംബാദ് എന്നിവയുൾപ്പെടെയുള്ള സ്ഥലങ്ങളിലാണ് പാക് പതാകകള്‍ കണ്ടത്. പാക് അനുകൂല സമീപനത്തിന്റെ ഭാഗമാണിതെന്നാണ് ആദ്യം പ്രചരിപ്പിക്കപ്പെട്ടിരുന്നത്. ഇതോടെ സംഘര്‍ഷാവസ്ഥയായി, എന്നാല്‍ ബജ്റംഗ്ദൾ പ്രവര്‍ത്തകരാണ് സംഭവത്തിന് പിന്നിലെന്ന് പിന്നീട് കണ്ടെത്തി.
പഹല്‍ഗാം ഭീകരാക്രമണത്തിലെ പ്രതിഷേധത്തിന്റ ഭാഗമായിട്ടാണ് പാക് പതാക റോഡില്‍ പതിപ്പിച്ചതെന്നാണ് അവര്‍ പറയുന്നത്.
അതേസമയം തെരുവുകളിൽ പാകിസ്താന് പതാകയുടെ സ്റ്റിക്കറുകൾ കണ്ടെത്തിയത് പ്രദേശവാസികൾക്കിടയിൽ ആശങ്ക സൃഷ്ടിച്ചിരുന്നു. സംഘര്‍ഷത്തിലേക്ക് നയിക്കുമെന്ന് ഭയന്ന്, ഉടന്‍ തന്നെ അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തുകയായിരുന്നു. പൊലീസ് അന്വേഷണവുമായി മുന്നോട്ട് നീങ്ങുന്നതിനിടെയാണ് ബജ്റംഗ്ദൾ പ്രവര്‍ത്തകര്‍ ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്ത് എത്തുന്നത്. പാകിസ്താനെതിരെ രോഷം പ്രകടിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് ബജ്റംഗ്ദൾ പ്രവര്‍ത്തകര്‍ പറയുന്നത്.
എന്നാല്‍ പ്രതിഷേധ രീതിക്ക് സാമുദായിക ചേരിതിരിവ് ഉണ്ടാക്കാന്‍ കഴിയുമെന്നതിനാല്‍ ബജ്റംഗ്ദൾ പ്രവര്‍ത്തകരുടെ നടപടിക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നു. അതേസമയം മുന്‍കൂര്‍ അനുമതിയില്ലാതെയാണ് സ്റ്റിക്കറുകള്‍ പതിപ്പിച്ചുള്ള പ്രതിഷേധമെന്ന് പൊലീസ് കമ്മീഷണര്‍ എസ്. ഡി ശരണപ്പ മാധ്യമങ്ങളോട് പറഞ്ഞു. കസ്റ്റഡിയിലുള്ളവരുടെ ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ച് വിശദമായി തന്നെ പരിശോധിക്കുമെന്നും പൊലീസ് വ്യക്തമാക്കി.