ന്യൂഡല്‍ഹി : മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് നട്ടെല്ലില്‍ ഗുരുതരമായ അസുഖം ഉണ്ടെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. പുതുച്ചേരി ജിപ്മെറിലെ മെഡിക്കല്‍ ബോര്‍ഡ് തയ്യാറാക്കിയ റിപ്പോര്‍ട്ട് സുപ്രീംകോടതിക്ക് കൈമാറി. മെഡിക്കല്‍ റിപ്പോര്‍ട്ട് അടുത്ത ആഴ്ച സുപ്രീംകോടതി പരിഗണിക്കും. ജിപ്മെറിലെ ഫിസിക്കല്‍ മെഡിസിന് ആന്‍ഡ് റീഹാബിലിറ്റേഷന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് സുപ്രീംകോടതിക്ക് കൈമാറിയിരുന്നത്. ലൈഫ് മിഷന് കേസില്‍ ജാമ്യത്തില്‍ കഴിയുകയാണ് നിലവില്‍ ശിവശങ്കര്‍.
വേദന സംഹാരികളും ഫിസിയോതെറാപ്പിയും തുടരണമെന്ന് മെഡിക്കല്‍ ബോര്‍ഡ് നിര്‍ദേശിച്ചിട്ടുണ്ട്. കഴുത്തില്‍ കോളറും, ഇടുപ്പില്‍ ബെല്‍റ്റും ഇടണം. കഴുത്തോ, നട്ടെല്ലോ വളയ്ക്കാന്‍ പാടില്ല. പെട്ടെന്നുള്ള വീഴ്ചയോ, അനക്കമോ ഒഴിവാക്കണം. ഭാരം എടുക്കാനോ, ദീര്‍ഘ സമയം നില്‍ക്കാനോ പാടില്ല. പുതിയ രോഗ ലക്ഷണങ്ങള്‍ ഉണ്ടായാല്‍ ഉടന്‍ തന്നെ ചികിത്സയ്ക്ക് വിധേയമാകണം. ആവശ്യമായി വന്നാല്‍ മുന്‍കരുതല്‍ സ്വീകരിച്ച ശേഷം ശസ്ത്രക്രിയക്ക് വിധേയമാക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇഡി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പുതുച്ചേരി ജിപ്മെറിലെ ഡോക്ടര്‍മാരുടെ മെഡിക്കല്‍ ബോര്‍ഡിനോട് ശിവശങ്കറിനെ പരിശോധിച്ച് റിപ്പോര്‍ട്ട് നല്കാന് സുപ്രീംകോടതി നിര്‍ദേശിച്ചത്.
റിപ്പോര്‍ട്ട് അടുത്ത ആഴ്ച സുപ്രീം കോടതി പരിഗണിക്കുന്നത് വരെ ശിവശങ്കറിന്റെ ഇടക്കാല ജാമ്യം സുപ്രീംകോടതി നീട്ടി. മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ജാമ്യത്തില്‍ എന്ത് നിലപാട് സ്വീകരിക്കണം എന്ന് ഇഡി അടുത്ത ആഴ്ച കോടതിയില്‍ വ്യക്തമാക്കും.