
തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തത് രണ്ടുമണിക്കൂര്‍. ശനിയാഴ്ച എസ്ഐടി ഓഫീസില്‍ വിളിച്ചുവരുത്തിയാണ് പ്രത്യേക അന്വേഷണം സംഘം കടകംപള്ളിയെ ചോദ്യം ചെയ്തത്. മുന്‍ ദേവസ്വം മന്ത്രി എന്ന നിലയിലായിരുന്നു ചോദ്യങ്ങളെന്നും അറിയാവുന്ന കാര്യങ്ങള്‍ പറഞ്ഞുവെന്നും കടകംപള്ളി സുരേന്ദ്രന് മാധ്യമങ്ങളോട് പറഞ്ഞു. മൊഴി നല്‍കിയതില്‍ ആരെയും പഴി ചാരിയിട്ടില്ലെന്നും ആരെയെങ്കിലും കുറ്റപ്പെടുത്താന്‍ തനിക്ക് ഇതേക്കുറിച്ച് എന്തെങ്കിലും അറിവുവേണ്ടോയെന്നും കടകംപള്ളി ചോദിച്ചു. എന്നാല്‍ കൂടുതല്‍ ചോദ്യങ്ങളോട് പ്രതികരിക്കാന്‍ മുന്‍ മന്ത്രി തയ്യാറായില്ല.
അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിന്റെ മൊഴിയനുസരിച്ചാണ് അന്വേഷണസംഘം കടകംപള്ളിയുടെയും മൊഴി രേഖപ്പെടുത്തിയതെന്നാണ് വിവരം. സ്വര്‍ണക്കവര്‍ച്ച കേസില്‍ അന്വേഷണം മുകള്‍ത്തട്ടിലേക്ക് എത്തുന്നില്ലെന്നും കടകംപള്ളി ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്യാന്‍ വൈകുന്നു എന്നുമുള്ള ആക്ഷേപങ്ങള്‍ ഉയരുന്നതിനിടെയാണ് എസ്ഐടിയുടെ നിര്‍ണായക നീക്കം.
മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്തിനെയും എസ്ഐടി ചോദ്യം ചെയ്തു. സ്വര്‍ണക്കൊള്ള നടന്ന സമയത്ത് ദേവസ്വം മന്ത്രി എന്ന നിലയിലാണു ചോദ്യം ചെയ്തതെന്നാണ് അന്വേഷണ സംഘം നല്കുന്ന വിവരം.
അതേസമയം അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിനു കൂടുതല്‍ കുരുക്കാകുന്നതാണ് അന്നത്തെ ദേവസ്വം ബോര്‍ഡ് അംഗം എന്‍ വിജയകുമാറിന്റെ മൊഴി. താന്‍ നിരപരാധിയാണെന്നും എല്ലാം സഖാവ് പറഞ്ഞിട്ടാണ് ചെയ്തതെന്നുമാണു വിജയകുമാര്‍ എസ്ഐടിയോടു പറഞ്ഞത്. സ്വര്‍ണപ്പാളി മാറ്റുന്ന കാര്യമടക്കം ബോര്‍ഡില്‍ അവതരിപ്പിച്ചത് പത്മകുമാറാണ്. പ്രധാനതീരുമാനങ്ങളെല്ലാം പ്രസിഡന്റ് പറയുന്നതായിരുന്നു രീതി. അതുകൊണ്ട് വായിച്ചുപോലും നോക്കാതെ ഒപ്പിട്ടുവെന്നും പ്രശ്നമുണ്ടാകുമെന്ന് അറിഞ്ഞില്ലെന്നും വിജയകുമാര്‍ പറഞ്ഞു. സമ്മര്‍ദം സഹിക്കാന്‍ വയ്യാതെ ആത്മഹത്യ ചെയ്യാന്‍ വരെ തോന്നിയെന്നും വിജയകുമാറിന്റെ മൊഴിയില്‍ ഉണ്ട്.
പത്മകുമാറിന്റെ റിമാന്‍ഡ് കാലാവധി പതിനാല് ദിവസത്തേക്ക് കൂടി നീട്ടി. താങ്കളെ ബലിയാടാക്കുകയാണോയെന്ന ചോദ്യത്തിന് നോക്കാം.. അയ്യപ്പന് നോക്കിക്കൊള്ളുമെന്നായിരുന്നു പത്മകുമാറിന്റെ മറുപടി. കടകംപള്ളിയാണോ ദൈവതുല്യന്‍ എന്ന ചോദ്യത്തിന് ശവം തീനികളല്ലെന്നായിരുന്നു പത്മകുമാറിന്റെ മറുപടി.