

ആലപ്പുഴ : ശബരിമല സ്വർണക്കൊള്ള കേസിൽ കണ്ഠരര് രാജീവരരുടെ വീട്ടിൽ പ്രത്യേക അന്വേഷണസംഘം പരിശോധന നടത്തുന്നു. ആലപ്പുഴ ചെങ്ങന്നൂരിലെ വീട്ടിലാണ് പരിശോധന. കണ്ഠരര് രാജീവരരുടെ വീടായ താഴമൺ മഠത്തിൽ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് എസ്ഐടി സംഘം എത്തിയത്. ഫോറൻസിക് ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ള സംഘമാണ് പരിശോധനക്കായി വീട്ടിലേക്ക് എത്തിയത്. ഡിവൈഎസ്പി സുരേഷ് ബാബുവിന്റെ സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകുന്നത്. കേസുമായി ബന്ധപ്പെട്ട കൂടുതൽ രേഖകളും തെളിവുകളും കണ്ടെത്തുകയാണ് ലക്ഷ്യം. സ്വർണപണിക്കാരനെയും തന്ത്രിയുടെ വീട്ടിൽ എത്തിച്ച് പരിശോധന നടത്തുന്നുണ്ട്.
തന്ത്രിയുടെ അറസ്റ്റിന് പിന്നാലെ വീട്ടിൽ പരിശോധനയുണ്ടാകുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും, ഉച്ചയ്ക്ക് ശേഷമാണ് പൊലീസ് സംഘം എത്തിയത്. ചെങ്ങന്നൂർ പൊലീസിന്റെ അകമ്പടിയോടു കൂടിയായിരുന്നു എസ്ഐടിയുടെ വരവ്. പരിശോധന ആരംഭിച്ചതോടെ വീട്ടിലുണ്ടായിരുന്ന ബന്ധുക്കളെ പുറത്തേക്ക് മാറ്റി.
ആദ്യഘട്ടത്തിൽ, അഭിഭാഷകയായ തന്ത്രിയുടെ മരുമകളെ അകത്തേക്ക് പ്രവേശിപ്പിക്കാൻ പൊലീസ് തയ്യാറായിരുന്നില്ല. ഇത് നേരിയ തർക്കത്തിന് കാരണമായെങ്കിലും പിന്നീട് മരുമകളെ ഉൾപ്പെടെ അകത്തേക്ക് പ്രവേശിപ്പിച്ചു. നിലവിൽ ഒരു മണിക്കൂറിലേറെയായി പരിശോധന തുടരുകയാണ്.
സ്വർണ്ണക്കൊള്ള കേസിൽ പ്രതിയായ പോറ്റിക്ക് ശബരിമലയിലേക്ക് കടന്നുവരാൻ തന്ത്രി വാതിൽ തുറന്നു നൽകിയെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. ഗൂഢാലോചനയിൽ തന്ത്രിക്ക് വ്യക്തമായ പങ്കുണ്ടെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ഉൾപ്പെടെയുള്ള കർശന നടപടികളിലേക്ക് പൊലീസ് നീങ്ങിയത്. പരിശോധന പൂർത്തിയായാൽ മാത്രമേ കേസിലെ നിർണായക വിവരങ്ങൾ പുറത്തുവിടൂ എന്ന് പൊലീസ് അറിയിച്ചു.
ശ്രീകോവിലിലെ കട്ടിളപ്പാളിയും പ്രഭാമണ്ഡലവും കൊള്ളയടിച്ച കേസിലാണ് തന്ത്രി അറസ്റ്റിലായത്. കേസിൽ 13ാം പ്രതിയാണ്. ശബരിമല താന്ത്രികാവകാശം പരമ്പരാഗതമായി ലഭിച്ചിട്ടുള്ള ചെങ്ങന്നൂർ താഴമൺ കുടുംബത്തിലെ രാജീവരര് 1998-99ൽ വിജയ് മല്യ സ്വർണം പൊതിഞ്ഞപ്പോഴും 2019ൽ സ്വർണപ്പാളികൾ കൊള്ളയടിച്ചപ്പോഴും തന്ത്രിയായിരുന്നു.
അതേസമയം, റിമാൻഡിലായ കണ്ഠരര് രാജീവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ഐസിയുവിൽ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് പരിശോധനക്കായി രാജീവരരെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തിച്ചിരുന്നു. പരിശോധനകൾക്ക് ശേഷമാണ് ഐസിയുവിലേക്ക് മാറ്റിയത്.