

തിരുവനന്തപുരം : യൂത്ത് കോൺഗ്രസുകാരെ മർദിച്ച കേസിൽ ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ അജികുമാറിന്റെ ഓഫീസിൽ എസ്ഐടി പരിശോധന. ഓഫീസിലെ സിസിടിവി ദൃശ്യങ്ങളും സന്ദർശക രജിസ്റ്ററും ഉൾപ്പെടെ എസ്ഐടി പരിശോധിച്ചു.
ഇന്നലെയാണ് പരിശോധന നടന്നത്. കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ശേഖരിച്ചതായാണ് സൂചന.
നവകേരള യാത്രക്കിടെ ആലപ്പുഴയിൽ വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർ മർദിച്ച കേസിലാണ് എസ്ഐടിയുടെ നീക്കം. ഗൺമാൻമാരെ സഹായിക്കുന്നതിനായി എം.ആർ അജിത്കുമാർ കേസ് ഡയറി തിരുത്തിയെന്ന ആരോപണങ്ങൾ നിലനിൽക്കെയാണ് എസ്ഐടി നടപടികൾ ശക്തമാക്കിയിരിക്കുന്നത്.
എം.ആർ അജിത്കുമാറിന്റെ ഓഫീസിലെ ഗ്രേഡ് എസ്ഐമാരായ ഗിരീഷ്, ശ്രീകാന്ത് എന്നിവർ ചേർന്ന് കേസ് ഡയറി തിരുത്തിയെന്നായിരുന്നു ആരോപണം. പിന്നാലെ കേസിലെ രേഖകൾ തിരുത്താൻ താൻ ആർക്കും നിർദേശം നൽകിയിട്ടില്ലെന്നും കേസിൽ ഇടപെടാൻ ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നുമാണ് അജിത്കുമാർ ഉന്നത ഉദ്യോഗസ്ഥർക്ക് അനൗദ്യോഗികമായി വിശദീകരണം നൽകിയത്.
യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസ് അട്ടിമറിക്കാൻ എം.ആർ അജിത്കുമാർ കൃത്യമായ ഇടപെടൽ നടത്തിയെന്ന് അദ്ദേഹത്തിന്റെ കീഴുദ്യോഗസ്ഥൻ തന്നെ എസ്ഐടിക്ക് മൊഴി നൽകിയിരുന്നു. മർദിച്ച ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തണമെന്ന നിർദേശം അവഗണിക്കപ്പെട്ടത് അജിത്കുമാറിന്റെ ഇടപെടൽ മൂലമാണെന്ന് അന്നത്തെ ഡിവൈഎസ്പിയും മൊഴി നൽകിയിട്ടുണ്ട്. ഇതേ തുടർന്നാണ് എസ്ഐടി അന്വേഷണം എഡിജിപിയിലേക്കും നീണ്ടത്.