


കൊച്ചി : ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് എസ്ഐടി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. പ്രഭാമണ്ഡലത്തില്‍ നിന്ന് സാംപിള്‍ സേഖരിച്ചതും റിപ്പോര്‍ട്ടിലുണ്ട്. 2019ലെ വീഴ്ച 2025ലും ബോര്‍ഡിന് സംഭവിച്ചുവെന്ന് എസ്ഐടി റിപ്പോര്‍ട്ടില്‍ പറയുന്നു. ഭരണപരമായ വീഴ്ച പി എസ് പ്രശാന്തിന്റെ ഭരണസമിതിക്കും ഉണ്ടായിയെന്നാണ് റിപ്പോര്‍ട്ടിലുള്ളതെന്നാണ് സൂചന.
സ്വര്‍ണപാളികള്‍ സന്നിധാനത്തു നിന്നും കൊണ്ടുപോയതില്‍ വീഴ്ചയുണ്ടായി എന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. പ്രഭാമണ്ഡലത്തിന്റെ സമീപത്തുള്ള കട്ടിളപ്പാളികളില്‍ നിന്ന് ശേഖരിച്ച സാംപിള്‍ ഏത് ലാബിലേയ്ക്ക് പരിശോധനയ്ക്ക് അയക്കണമെന്ന കാര്യത്തിലുള്ള റിപ്പോര്‍ട്ട് എസ്ഐടി സീലുവച്ച കവറില്‍ കോടതിയില്‍ നല്‍കിയിട്ടുണ്ട്. ശാസ്ത്രീയ പരിശോധനാഫലം കേസില്‍ നിര്‍ണാകമാണ്.
നഷ്ടപ്പെട്ട സ്വര്‍ണത്തിന്റെ തൂക്കം തിട്ടപ്പെടുത്താനായി ശ്രീകോവിലിന്റെ കട്ടിളപ്പടിക്ക് മുകളിലുള്ള ലക്ഷ്മീരൂപം കൊത്തിയ സ്വര്‍ണം പതിപ്പിച്ച ആര്‍ച്ച് രൂപത്തിലുള്ള പ്രഭാമണ്ഡലവും ശ്രീകോവിലിന്റെ വടക്കുഭാഗത്തുള്ള കട്ടിളപ്പാളികളും ദേവസ്വം തിരുവാഭരണ കമ്മിഷണറുടെ സാന്നിദ്ധ്യത്തില്‍ ഇളക്കിയെടുത്ത് എസ്ഐടി സംഘം പരിശോധിച്ചിരുന്നു.