റായിപുർ: ഛത്തീസ്ഗഡിലെ റായ്പുരിൽ സഹോദരിമാരെ കൂട്ടമാനഭംഗത്തിന് ഇരയാക്കിയ സംഭവത്തിൽ ബിജെപി നേതാവിന്റെ മകൻ ഉൾപ്പെടെ 10 പേർ അറസ്റ്റിൽ. രക്ഷാബന്ധൻ ആഘോഷത്തിനു ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന രണ്ട് സഹോദരിമാരാണ് കൂട്ടലൈംഗിക പീഡനത്തിന് ഇരയായത്.
സഹോദരിമാരിൽ ഒരാളുടെ പ്രതിശ്രുതവരനുമായി രക്ഷാബന്ധൻ ആഘോഷിച്ച ശേഷം മടങ്ങുകയായിരുന്നു ഇരുവരും. വഴിയിൽ, യുവതികളെ ബിജെപി നേതാവിന്റെ മകൻ ഉൾപ്പെടെയുള്ള അക്രമികൾ തടഞ്ഞുനിർത്തി.
മൂന്നു പേരാണ് യുവതികളെ ആദ്യം ആക്രമിച്ചത്. ഇവർ യുവതികളുടെ പണവും മൊബൈൽ ഫോണും തട്ടിയെടുത്തു. ഈ സമയം നാല് ബൈക്കുകളിലായി മറ്റ് ഏഴുപേരും സംഭവസ്ഥലത്തെത്തി. ഇവർ പെൺകുട്ടികളെ പ്രധാന റോഡിൽനിന്നും ഒഴിഞ്ഞ ഇടത്തേക്ക് ബലമായി പിടിച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
പെൺകുട്ടികൾക്കൊപ്പമുണ്ടായിരുന്ന യുവാവിനെ ഇവർ മർദിച്ച് അവശനാക്കി. സംഭവത്തിൽ പൊലീസ് കേസെടുത്തു. പ്രാദേശിക ബിജെപി നേതാവിന്റെ മകൻ ഉൾപ്പെടെ 10 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.