കൊല്ലം : കടക്കൽ ക്ഷേത്രത്തിലെ വിപ്ലവഗാനത്തിൽ കേസെടുത്തതിനെ നിയമപരമായി നേരിടുമെന്ന് ഗായകൻ അലോഷി. പ്രേക്ഷകരുടെ ആവശ്യപ്രകാരം ആണ് ഗാനമേളയിൽ പാട്ട് പാടുന്നത് . ക്ഷേത്രോത്സവത്തിൽ വിപ്ലവഗാനം പാടരുതെന്ന് തനിക്കറിയില്ലായിരുന്നുവെന്നും അലോഷി പറഞ്ഞു.
‘ആസ്വാദകരുടെ ആവശ്യത്തിനാണ് പ്രാധാന്യം നൽകുക.വിപ്ലവഗാനം പാടിയത് തെറ്റാണെന്ന് പൊലീസിന് തോന്നിയിട്ടുണ്ടാവും.പാട്ടുപാടുന്നത് ഒരു കുറ്റമായി കണക്കാൻ പറ്റില്ല. ഉത്സവ പറമ്പിലെത്തുന്ന ആസ്വാദകരാണ്. അവർ ആവശ്യപ്പെടുന്നതാണ് പാടുന്നത്. അലോഷി പറഞ്ഞു.
കൊല്ലം കടയ്ക്കൽ ക്ഷേത്രത്തിലെ ഗാനമേളയിലെ വിപ്ലവഗാന വിവാദത്തിൽ ഗായകൻ അലോഷിയെ ഒന്നാം പ്രതിയാക്കി കഴിഞ്ഞദിവസം പൊലീസ് കേസെടുത്തിരുന്നു. കടയ്ക്കൽ പൊലീസാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ക്ഷേത്ര ഉപദേശക സമിതിയിലെ രണ്ടുപേരെയും കേസിലെ പ്രതികളാക്കിയിട്ടുണ്ട്. കോൺഗ്രസ് കടയ്ക്കൽ മണ്ഡലം പ്രസിഡന്റിന്റെ പരാതിയിലാണ് നടപടി. സംഭവത്തില്‍ പൊലീസ് എന്ത് നടപടി സ്വീകരിക്കുമെന്ന് അറിയിക്കണമെന്ന് ഹൈക്കോടതി ഇന്നലെ കേസ് പരിഗണിച്ചപ്പോള്‍ ചോദിച്ചിരുന്നു.