കൊച്ചി: പ്രതിപക്ഷനേതാവ് വി.ഡി സതീശനെതിരെ ആരോപണവുമായി രംഗത്തെത്തിയതിനു പിന്നാലെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയ മുൻ എ.ഐ.സി.സി അംഗം സിമി റോസ്ബെൽ ജോൺ കൂടുതൽ ആരോപണവുമായി രംഗത്ത്. വി.ഡി സതീശൻ നടത്തിയ മണിചെയിൻ തട്ടിപ്പിന്റെ തെളിവുകൾ പുറത്തുവിടുമെന്ന് സിമി റോസ്ബെൽ ജോൺ പറഞ്ഞു. സതീശൻ വന്ന വഴി മറക്കരുതെന്നും അന്തസുള്ള വനിതകൾക്ക് കോൺഗ്രസിൽ പ്രവർത്തിക്കാൻ ആവില്ലെന്നും സിമി പറഞ്ഞു.
സി.പി.എമ്മുമായി ഗൂഢാലോചന നടത്തിയെങ്കിൽ അതിൻ്റെ തെളിവ് പുറത്തുവിടട്ടെ. ലതിക സുഭാഷ്, പദ്മജ വേണുഗോപാൽ എന്നിവരെ പാർട്ടി അപമാനിച്ചു വിട്ടതാണ്. ഈഡന്റെ മകൻ ആയത് കൊണ്ടല്ലേ ഹൈബിയെ എം.പി ആക്കിയതെന്നും എന്തുകൊണ്ട് പദ്മജയ്ക്ക് ആ സ്ഥാനം കൊടുത്തില്ലെന്നും സിമി ചോദിച്ചു. ദീപ്തി മേരി വർഗീസിനെ പുറത്താക്കി മൂന്നു മാസത്തിനുള്ളിൽ അവർ തിരിച്ചെത്തി.രാഹുൽ ഗാന്ധിയെ വിമർശിച്ച മഹേഷ് എം.എൽ.എയ്ക്ക് ഒന്നും സംഭവിച്ചില്ല. അയാൾ പുരുഷൻ ആയതുകൊണ്ടാണ് അതെന്നും വിധവയായ തന്നെ തകർക്കാൻ ശ്രമിക്കുകയാണെന്നും സിമി ആരോപിച്ചു.
സിമി റോസ്ബെൽ ജോണിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഏഴ് വനിതാ നേതാക്കൾ എ.ഐ.സി.സി- കെ.പി.സി.സി നേതൃത്വത്തിന് പരാതി നൽകിയിരുന്നു. കോൺഗ്രസിൽ പ്രവർത്തിക്കുന്ന സ്ത്രീകളെ സിമി അധിക്ഷേപിച്ചെന്നായിരുന്നു പരാതി. ഷാനിമോൾ ഉസ്മാൻ, ബിന്ദു കൃഷ്ണ, പി.കെ ജയലക്ഷ്മി, ദീപ്തി മേരി വർഗീസ്, ആലിപ്പറ്റ ജമീല, കെ.എ തുളസി, ജെബി മേത്തർ എന്നിവരാണ് പരാതി നൽകിയത്. എ.ഐ.സി.സി അംഗവും പി.എസ്.സി അംഗവുമായിരുന്ന സിമി, പാര്‍ട്ടിയില്‍ വി.ഡി സതീശന്റെ നേതൃത്വത്തിൽ പവര്‍ ഗ്രൂപ്പ് ഉണ്ടെന്നും കോണ്‍ഗ്രസില്‍ സ്ത്രീകള്‍ ലിംഗവിവേചനവും ചൂഷണവും നേരിടുന്നുണ്ടെന്നും ആരോപിച്ചിരുന്നു.വി.ഡി സതീശൻ പാർട്ടിയിലെ തന്റെ അവസരങ്ങൾ നിഷേധിക്കുന്നു. സതീശന്റെ ഗുഡ്ബുക്കിൽ തനിക്കിടം നേടാനായില്ലെന്നും അദ്ദേഹം ഉദ്ദേശിച്ചതുപോലെ വഴങ്ങാത്തതിനാലാണ് അതിൽ ഇടംപിടിക്കാനാവാതെ പോയതെന്നും സിമി ആരോപിച്ചിരുന്നു.
അതേസമയം, സിമിയുടെ ആരോപണങ്ങൾ തള്ളിയ വി.ഡി സതീശൻ, പ്രസ്താവന കോൺഗ്രസിലെ മറ്റു സ്ത്രീകൾക്ക് അപമാനകരമാണെന്നും പ്രതികരിച്ചിരുന്നു. സിമിയെ കോൺഗ്രസ് പി.എസ്.സി അംഗമാക്കി. ഒരു സ്ത്രീയും കാൽനൂറ്റാണ്ടിനിടെ പി.എസ്.സി മെംബറായിട്ടില്ല. ആ സ്ഥാനത്ത് ശമ്പളം എത്രയാണെന്ന് അറിയാമോ?. അഞ്ചാറ് വർഷം ആ സ്ഥാനത്ത് ഇരുന്നയാളാണ്. തൃക്കാക്കരയിൽ സ്ഥാനാർഥിയാക്കണമെന്ന് പറഞ്ഞു. താനല്ല സ്ഥാനാർഥിയെ തീരുമാനിച്ചത്. ഉമ്മൻചാണ്ടിയടക്കമുള്ള മുതിർന്ന നേതാക്കൾ ഇരുന്നാണ് ഏകകണ്ഠമായി ഉമ തോമസിനെ തീരുമാനിച്ചതെന്നും വി.ഡി സതീശൻ കൂട്ടിച്ചേർത്തു.