ചെന്നൈ : തമിഴ്നാട്ടില്‍ ശാന്തിഗിരി ആശ്രമത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിപുലമായ പരിപാടികള്‍ക്ക് ജനുവരി 5 വെളളിയാഴ്ച തുടക്കമാകും. ചെങ്കല്‍പേട്ട് ജില്ലയിലെ ചെയ്യൂരില്‍ നിര്‍മ്മാണം പൂര്‍ത്തിയായ ദര്‍ശനമന്ദിരത്തിന്റെ തിരിതെളിയിക്കലും സില്‍വര്‍ ജൂബിലി കോംപ്ലക്സിന്റെ ശിലാസ്ഥാപനവും ജനുവരി 7 ന് നടത്തും. ആശ്രമം ഗുരുസ്ഥാനീയ ശിഷ്യപൂജിത അമൃത ജ്ഞാന തപസ്വിനി ശിലാസ്ഥാപനം നിര്‍വഹിക്കും. ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി, ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി തുടങ്ങി നൂറോളം സന്ന്യാസി സന്ന്യാസിനിമാരും ബ്രഹ്മചാരി ബ്രഹ്മചാരിണികളും ഭക്തരും തീര്‍ത്ഥയാത്രയില്‍ ശിഷ്യപൂജിതയെ അനുഗമിക്കുന്നുണ്ട്.
ചെന്നൈ- പോണ്ടിച്ചേരി ഈസ്റ്റ് കോസ്റ്റ് റോഡില്‍ ചെയ്യൂരിലാണ് ആശ്രമം പ്രവര്‍ത്തിക്കുന്നത്. ശനിയാഴ്ച ആശ്രമത്തിലെത്തുന്ന ശിഷ്യപൂജിതയെ ജനപ്രതിനിധികളും നാട്ടുകാരും ചേര്‍ന്ന് പൂര്‍ണ്ണകുംഭം നല്കി സ്വീകരിക്കും. വൈകുന്നേരം 4 മണിക്ക് നടക്കുന്ന വിളംബര സമ്മേളനം ന്യൂനപക്ഷ ക്ഷേമകാര്യ മന്ത്രി കെ എസ് മസ്താന് ഉദ്ഘാടനം ചെയ്യും. തിരുനാവക്കരശ് എം പി, എസ് റ്റി രാമചന്ദ്രന് എം എല്‍ എ തുടങ്ങി വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലകളിലുളളവര്‍ ചടങ്ങില്‍ സംബന്ധിക്കും.
7 ന് രാവിലെ 9 മണിക്ക് ഗുരുവിന്റെ ധ്യാനമഠത്തിന്റെയും ദര്‍ശന മന്ദിരത്തിന്റെയും തിരി തെളിയിക്കുന്നതിനൊപ്പം സില്‍വര്‍ ജൂബിലി സമുച്ചയത്തിന്റെ ശിലാസ്ഥാപനവും നിര്‍വഹിക്കും. രാവിലെ 11 ന് നടക്കുന്ന പൊതുസമ്മേളനം ക്ഷീരവികസന വകുപ്പ് മന്ത്രി മനോ തങ്കരാജ് ഉദ്ഘാടനം ചെയ്യും. കേരള സംസ്ഥാന ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആര് അനില്‍ വിശിഷ്ടാതിഥിയാകും. മുന്‍ മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്, കാഞ്ചിപുരം എം പി ജി സെല്‍വം, പനിയൂര്‍ ബാബു എം എല്‍ എ, മുന്‍ എം പി വിജില സത്യനാഥ്, എ ഐ സി സി സെക്രട്ടറി വിശ്വനാഥന് പെരുമാള്‍, ഗോകുലം ഗ്രൂപ്പ് ചെയര്മാന് ഗോകുലം ഗോപാലന്, എ.വി.എ ഗ്രൂപ്പ് ഒഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടര്‍ എ വി അനൂപ്, ബി ജെ പി ദേശീയ നിര്‍വാഹകസമിതി അംഗം പി കെ കൃഷ്ണദാസ് തുടങ്ങി സംസ്ഥാനത്തിനകത്തും പുറത്തും നിന്നുളള നിരവധി പ്രമുഖര്‍ ചടങ്ങുകളില്‍ സംബന്ധിക്കും. സില്‍വര്‍ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് സൗജന്യ വൈദ്യപരിശോധനയും മരുന്നു വിതരണവും നടക്കും.