ഗാങ്ടോക്: വടക്കൻ സിക്കിമിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി. 22 സൈനികർ ഉൾപ്പടെ 82 പേരെ കാണാതായി. കാണാതായവരിൽ ഒരു സൈനികനെ കണ്ടെത്തിയിട്ടുണ്ട്. ശക്തമായ മഴയും ഹിമപാളികൾ ഉരുകിയൊഴുകിയതുമാണ് ദുരന്തകാരണമെന്ന് എൻ.ഡി.എം.എ അറിയിച്ചു. നേപ്പാളിലെ ഭൂകമ്പവും ദുരന്തകാരണമായോ എന്ന് സംശയിക്കുന്നതായും കേന്ദ്ര ജല കമ്മീഷൻ പറഞ്ഞു. സിക്കിമിൽ 25 നദികൾ അപകടാവസ്ഥയിലാണെന്ന് മുന്നറിയിപ്പുണ്ട്.
മലയാളികൾ ഉൾപ്പെടെ നിരവധിപേർ ഇപ്പോഴും പലയിടങ്ങളിലായി കുടുങ്ങികിടക്കുകയാണ്. ഇന്നലെ രാവിലെ മുതൽ ടീസ്റ്റ നദി കരകവിഞ്ഞതിനെ തുടർന്നുണ്ടായ പ്രളയം വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ചുങ്താങ് അണക്കെട്ടിൽ നിന്നുള്ള വെള്ളം കൂടി എത്തിയത് ദുരന്ത തീവ്രത കൂട്ടി. തെരച്ചിൽ തുടരുന്നുണ്ടെങ്കിലും കൂടുതൽ പേരെ കണ്ടെത്താൻ സാധിച്ചിട്ടില്ല.
നദീതീരങ്ങളിൽ നിന്നും താഴ്ന്ന പ്രദേശങ്ങളിൽ നിന്നും ജനങ്ങളെ ഒഴിപ്പിക്കുന്നതിനിടയാണ് മിന്നൽ പ്രളയം എത്തിയത്. സിങ്താമിന് സമീപമുള്ള ബർദാങ്ങിൽ സൈനിക വാഹനങ്ങൾ ഒലിച്ചുപോയി. ലാച്ചൻ താഴ്വരയിലെ നിരവധി സൈനിക സ്ഥാപനങ്ങൾക്ക് കേടുപാട് സംഭവിച്ചു. കാണാതായവരുടെ എണ്ണം വർധിച്ചേക്കാമെന്ന് സർക്കാർ അറിയിച്ചു. സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പ്രേം സിങ് തമാങ് പ്രളയ മേഖല സന്ദർശിച്ചു. ടീസ്റ്റ നദിക്ക് കുറുകെയുള്ള സിങ്തം പാലം അടക്കം ആറ് പാലങ്ങൾ തകർന്നു. സിക്കിം – ബംഗാൾ ദേശീയപാത ഒലിച്ചുപോയി.
വടക്കൻ സിക്കിമിലെ ലൊനാക് തടാകത്തിന് മുകളിൽ പെട്ടെന്നുണ്ടായ മേഘവിസ്ഫോടനമാണ് ടീസറ്റ നദിയിലെ ജലനിരപ്പ് ഉയർത്തിയത്. വിനോദസഞ്ചാരികളായ മലയാളികൾ ഉൾപ്പെടെ നിരവധിപേർ വിവിധ ഇടങ്ങളിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. ബംഗാളിലും ബംഗ്ലാദേശിലും പ്രളയ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബംഗാളിലെ ജൽപായ്ഗുരിയിലെ താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു.