തിരുവനന്തപുരം: പൂക്കോട് വെറ്റിനറി കോളജില്‍ സീനിയര്‍ വിദ്യാര്‍ഥികളുടെ ക്രൂരമര്‍ദനത്തിന് പിന്നാലെ ജീവനൊടുക്കിയ സിദ്ധാര്ഥന് നീതി കിട്ടുമോ എന്ന് സംശയിക്കുന്നതായി കൂടുംബം. കേസിലെ തെളിവുകള്‍ തേച്ചുമായ്ച്ചു കളയാനുള്ള ശ്രമം നടക്കുന്നു. സസ്പെന്ഷനിലായയിരുന്ന വിദ്യാര്‍ഥികളെ തിരിച്ചെടുത്തത് ഇതിന്റെ ഭാഗമാണെന്നും അച്ഛന് ജയപ്രകാശ് ആരോപിച്ചു.
പെട്ടന്ന് സിബിഐ അന്വേഷണം പ്രഖ്യാപിച്ചതിലും സംശയമുണ്ട്. അന്വേഷണം പ്രഖ്യാപിച്ചത് പ്രതിഷേധങ്ങളുടെ വാമൂടി കെട്ടാനാണെന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു. ആന്റി റാഗിംഗ് സ്ക്വാഡ് കണ്ടെത്തിയ പ്രതികളെയാണ് ഇപ്പോള്‍ കോളജിലേക്ക് തിരിച്ചെടുത്തിരിക്കുന്നത്. കേസ് തേച്ച് മായ്ക്കാനുളള ശ്രമത്തിന്റെ ഭാഗമാണിത്. വിസിയുടെ തീരുമാനങ്ങള്‍ക്കെതിരേ ഗവര്‍ണറെ സമീപിക്കുമെന്നും ജയപ്രകാശ് വ്യക്തമാക്കി.കഴിഞ്ഞ ഫെബ്രുവരി 18-നാണ് നെടുമങ്ങാട് സ്വദേശിയായ സിദ്ധാര്‍ഥനെ ക്യാമ്പസിലെ ഹോസ്റ്റല്‍ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആദ്യഘട്ടത്തില്‍, സിദ്ധാര്ഥാന്റേത് ആത്മഹത്യ ആണെന്നാണ് കോളജ് അധികൃതര്‍ വിശദീകരിച്ചത്. എന്നാല്‍ മരണത്തില്‍ ദുരൂഹത ആരോപിച്ച് സിദ്ധാര്‍ഥന്റെ കുടുംബം രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ റാഗിംഗും ക്രൂരമര്‍ദനവും നടന്ന വിവരം പുറത്തു വന്നിരുന്നു. പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ സിദ്ധാര്‍ഥന്റെ വീട് മുഖ്യമന്ത്രി സന്ദര്‍ശിച്ചിരുന്നു. ഈ മാസം ഒമ്പതിനാണ് സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്.