തിരുവനന്തപുരം: യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ നടന് സിദ്ദിഖ് പൊലീസിന് മുന്നില്‍ ഹാജരായി. തിരുവന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസിലാണ് ചോദ്യം ചെയ്യലിന് ഹാജരായത്. മകനും ഒപ്പമുണ്ട്. നേരത്തെ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനായി സിദ്ദിഖിന് പൊലീസിന് നോട്ടീസ് നല്‍കിയിരുന്നു. സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലില്‍ വച്ച് യുവനടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്.
സുപ്രീംകോടതിയില്‍ നിന്ന് ഇടക്കാല ജാമ്യം അനുവദിച്ചതിന് പിന്നാലെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ തയ്യാറാണെന്ന് സിദ്ദിഖ് പൊലീസിന് ഇ-മെയില്‍ അയച്ചിരുന്നു. ഇതിന് മറുപടിയായാണ് സിദ്ദിഖിനോട് ഹാജരാകാന്‍ നോട്ടീസ് നല്‍കിയത്. അന്വേഷണ ഉദ്യോഗസ്ഥനായ നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണറാണ് നോട്ടീസ് നല്‍കിയത്. സിദ്ദിഖിനെ ഇന്ന് ചോദ്യം ചെയ്ത ശേഷം വിട്ടയക്കും. ഇടക്കാല ജാമ്യം കിട്ടി ദിവസങ്ങള്‍ കഴിഞ്ഞിട്ടും ചോദ്യം ചെയ്യാന്‍ പൊലീസ് നോട്ടീസ് നല്‍കാതിരുന്നതിനെ തുടര്‍ന്നാണ് സിദ്ദിഖ് കത്ത് നല്‍കിയത്. ഈ മാസം 22ന് മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി വീണ്ടും പരിഗണിക്കുമ്പോള്‍ കത്ത് നല്കിയ കാര്യം അറിയിക്കാനായിരുന്നു സിദ്ദിഖിന്റെ നീക്കം.