കൊച്ചി : മാധ്യമങ്ങള്‍ ഉപദ്രവിക്കുന്നുവെന്ന നടന് സിദ്ദീഖിന്റെ പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങി. തന്നെയും മകനെയും മാധ്യമങ്ങള്‍ പിന്തുടരുന്നുവെന്നാണ് പരാതി. തന്റെ നീക്കങ്ങള്‍ പൊലീസ് മാധ്യമങ്ങള്‍ക്ക് ചോർത്തി നൽകിയതായും പരാതിയിലുണ്ട്.
ഡിജിപിക്കാണ് സിദ്ദീഖ് പരാതി നൽകിയത്. പരാതി തുടർന്ന് കൊച്ചി സിറ്റി പൊലീസിന് കൈമാറി. നിലവിൽ നോർത്ത് പൊലീസാണ് കേസ് അന്വേഷിക്കുന്നത്. യുവനടിയെ ബലാത്സംഗം ചെയ്തുവെന്ന പരാതിയിൽ സിദ്ദീഖ് അന്വേഷണം നേരിടുകയാണ്. കേസെടുത്തതിന് പിന്നാലെ സിദ്ദീഖിനെ കാണാനില്ലായിരുന്നു. പൊലീസിനൊപ്പം മാധ്യമങ്ങളും സിദ്ദീഖ് എവിടെയാണെന്ന് തിരഞ്ഞിരുന്നു.
പിന്നീട് കോടതിയിൽനിന്ന് ജാമ്യം ലഭിച്ചതോടെയാണ് ഇദ്ദേഹം പുറത്തിറങ്ങുന്നത്. താൻ അഭിഭാഷകനെ രഹസ്യമായി കാണാൻ പോയപ്പോഴും മാധ്യമങ്ങൾ അവിടെയെത്തിയെന്ന് പരാതിയിൽ സിദ്ദീഖ് പറയുന്നു. തന്റെ മകനെയും മാധ്യമങ്ങൾ നിരീക്ഷിക്കുകയാണ്. പൊലീസാണ് മാധ്യമങ്ങൾക്ക് വിവരങ്ങൾ ചോർത്തിനൽകുന്നതെന്നും പരാതിയിൽ വ്യക്തമാക്കി.