കാറ്റുമാറി വീശുന്നത് മറ്റാര്‍ക്കും മനസിലാകുന്നതിന് മുമ്പ് പിണറായി വിജയന് മനസിലാകും. അതുകൊണ്ടു തന്നെയാണ് പൂക്കോട് വെറ്റിനററി സര്‍വ്വകശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ ദുരൂഹമരണം സിബിഐ അന്വേഷണത്തിന് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. പ്രതിപക്ഷവും മാധ്യമങ്ങളും പൊതുസമൂഹവും ഒരേപോലെ സിദ്ധാര്‍ത്ഥിന്റെ ദാരുണ മരണം ഏറ്റെടുക്കുകയും സര്‍ക്കാരിനെയും സിപിഎമ്മിനെയും പ്രതിക്കൂട്ടിലാക്കുകയും ചെയ്തതോടെ മുഖ്യമന്ത്രിക്ക് മുന്നില്‍ വേറെ വഴിയില്ലാതായി എന്നതാണ് യാഥാര്‍ത്ഥ്യം.
ലോക്സഭാ തെരഞ്ഞെടുപ്പ് തീയതികള്‍ അടുത്തയാഴ്ച പ്രഖ്യാപിക്കും. അതോടെ പ്രചാരണത്തിന് ചൂടുപിടിക്കും. ഇരുപത് മണ്ഡലങ്ങളിലും സിദ്ധാര്‍ത്ഥിന്റെ മരണം പ്രചാരണ വിഷയമാകും. അതിന് മറുപടി പറയാന്‍ സിപിഎമ്മും സര്‍ക്കാരും നന്നായി വിഷമിക്കും. അത് കണ്ടറിഞ്ഞു തന്നെയാണ് സിബിഐ അന്വേഷണം പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രി തീരുമാനിച്ചത്. ഇതോടെ സിദ്ധാര്‍ത്ഥിന്റെ മരണം തെരഞ്ഞെടുപ്പ് പ്രചാരണ വിഷയം ആക്കിയാല്‍ സിപിഎമ്മിനുണ്ടാകാവുന്ന രാഷ്ട്രീയ ആഘാതത്തിന്റെ അളവ് കുറക്കാനാകും. തെരഞ്ഞെടുപ്പ് കാലമല്ലായിരുന്നെങ്കിൽ വാളയാര്‍- വണ്ടിപ്പെരിയാര്‍ കേസുകളുടെ വിധി തന്നെ സിദ്ധാര്‍ത്ഥിന്റെ കേസിനുമുണ്ടാകുമായിരുന്നുവെന്ന് വിശ്വസിക്കുന്നവരേറെയാണ്.
പത്മജാ വേണുഗോപാലിന്റെ ബിജെപി പ്രവേശനത്തിലൂടെ സിപിഎമ്മിന് കൈവന്ന മുന്‍തൂക്കത്തിന് തൃശൂരിലെ തന്റെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ കെ മുരളീധരനും കോണ്‍ഗ്രസും ചെക്കുവച്ചതോടെ തന്നെ തങ്ങള്‍ പ്രതീക്ഷിച്ചയിടത്തല്ല കാര്യങ്ങള്‍ നില്‍ക്കുന്നതെന്ന് ഇടതുമുന്നണിക്കും സിപിഎമ്മിനും ബോധ്യമായി. സിദ്ധാര്‍ത്ഥിന്റെ ദുരൂഹമരണത്തിനുത്തരവാദികളായവരെ മുഴുവന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസും മഹിളാ കോണ്‍ഗ്രസും സെക്രട്ടറിയേറ്റ് പടിക്കല്‍ നിരാഹാരവും തുടങ്ങിയിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സിദ്ധാര്‍ത്ഥിന്റെ മരണമായിരിക്കും കത്തിനില്‍ക്കുക എന്ന് മനസിലായപ്പോള്‍ അതിനെ വെള്ളമൊഴിച്ചു കെടുത്തേണ്ടത് സിപിഎമ്മിനെയും സര്‍ക്കാരിനെയും സംബന്ധിച്ചിടത്തോളം വലിയൊരാവശ്യമായിരുന്നു. അതോടൊപ്പം സിപിഎമ്മിലെ പ്രമുഖനേതാക്കളെല്ലാം ഈ വിഷയത്തില്‍ എസ്എഫ്ഐയെ തള്ളിപ്പറഞ്ഞതും ഘടകകക്ഷികള്‍ ഇടതുമുന്നണിയോഗത്തില്‍ സിദ്ധാർഥ് വിഷയം ഉന്നയിച്ചതും മുഖ്യമന്ത്രിയെ ഇരുത്തിച്ചിന്തിപ്പിച്ചു.
മരിച്ച സിദ്ധാര്‍ത്ഥിന്റെ പിതാവ് ഇന്ന് രാവിലെ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചപ്പോള്‍ തന്നെ കേസ് സിബിഐക്ക് വിടുകയാണെന്ന് മുഖ്യമന്ത്രി അവരെ അറിയിച്ചിരുന്നു. വിദ്യാർത്ഥിയുടെ കൊലപാതകം സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകരുതെന്ന് മുഖ്യമന്ത്രിക്ക് നിര്‍ബന്ധമുണ്ടായിരുന്നു.
പൂക്കോട് സംഭവത്തിന് ശേഷം സിപിഎമ്മിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്ഐക്കെതിരെ സമൂഹത്തില്‍ വലിയ തോതില്‍ രോഷം ഉണ്ടായിട്ടുണ്ട്. സിപിഎമ്മിന്റെ ഉന്നതനേതാക്കള്‍ പലരും എസ്എഫ്ഐയെ പ്രത്യക്ഷമായും പരോക്ഷമായും കുറ്റപ്പെടുത്തുന്ന അവസ്ഥയുമുണ്ടായി. എന്തിനാണ് എസ്എഫ് ഐയുടെ മാഫിയാപ്രവര്‍ത്തനങ്ങളെ പിന്തുണക്കുന്നതും ഏറ്റെടുക്കുന്നതും എന്നു പോലും സിപിഎം നേതാക്കള്‍ പലരും വിമർശനമുന്നയിച്ചു. ഇതോടെ പാര്‍ട്ടിക്കുള്ളില്‍ വീണ്ടുവിചാരമുണ്ടായി.
പിണറായി വിജയനെ സംബന്ധിച്ചിടത്തോളം ഈ തെരഞ്ഞെടുപ്പ് ഒരു ലിറ്റ്മസ് ടെസ്റ്റാണ്. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം ആവിഷ്കരിക്കേണ്ട തന്ത്രങ്ങള്‍ എന്തൊക്കെയായിരിക്കണമെന്ന സൂചന നല്‍കുന്നത് ഈ തെരഞ്ഞെടുപ്പ് ഫലമാണ്. വോട്ടർമാരെ സ്വാധീനിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അദ്ദേഹം തിരിച്ചറിയുകയും അതിനെ എതു തരത്തില്‍ കൈകാര്യം ചെയ്യണമെന്ന രാഷ്ട്രീയ തീരുമാനം ഉടനടി കൈക്കൊള്ളുകയും ചെയ്യും. തന്റെ കുടുംബത്തിനെതിരെ ഉണ്ടായ മാസപ്പടി അഴിമതി ആരോപണങ്ങള്‍ തെരഞ്ഞെടുപ്പിലുണ്ടാക്കിയേക്കാവുന്ന തിരിച്ചടിയെക്കാള്‍ വലുതാണ് സിദ്ധാര്‍ത്ഥിന്റെ മരണം പോലുളള വിഷയങ്ങള്‍ ഉണ്ടാക്കുന്നതെന്നും പിണറായിക്ക് തിരിച്ചറിയാനായി. യൂത്തു കോണ്‍ഗ്രസിന്റെയും മഹിളാകോണ്‍ഗ്രസിന്റെയും നിരാഹാര സമരവേദിയിൽ രാഹുല്‍ഗാന്ധി എത്തി അവര്‍ക്കൊപ്പം സെക്രട്ടറിയേറ്റ് നടയില്‍ ഇരുന്നേക്കുമെന്നുമുള്ള സൂചനകളും പിണറായിക്ക് ലഭിച്ചിരുന്നു. മാത്രമല്ല സിദ്ധാര്‍ത്ഥിന്റെ വീട്ടിലത്തി മാതാപിതാക്കളെ രാഹുല്‍ കാണുമെന്നും സൂചനയുണ്ടായിരുന്നു. ഇതാണ് പെട്ടെന്ന് തന്നെ സിബിഐ അന്വേഷണം പ്രഖ്യാപിച്ച് തടിയൂരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
സിബിഐ അന്വേഷണത്തിലൂടെ ആ പാവം ചെറുപ്പക്കാരന്റെ കൊലയാളികള്‍ നിയമത്തിനുമുന്നിലെത്തുമെന്നും തക്കതായ ശിക്ഷ അവര്‍ക്ക് ലഭിക്കുമെന്നും കരുതാം. രാഷ്ട്രീയമായി എങ്ങിനെ വിലയിരുത്തിയാലും സിദ്ധാര്‍ത്ഥിന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം സിബിഐക്ക് വിട്ട തീരുമാനം ഉചിതമായി