കൊച്ചി : പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ സിബിഐ കേസ് ഏറ്റെടുക്കാന്‍ വേഗത്തില്‍ വിജ്ഞാപനം ഇറക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ഹൈക്കോടതി. കേസ് സിബിഐ ഏറ്റെടുക്കുന്നത് വൈകുന്നത് അന്വേഷണത്തെ ബാധിച്ചേക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. സിബിഐ അന്വേഷണം വൈകുന്നതിനെതിരെ സിദ്ധാര്‍ത്ഥന്റെ പിതാവ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി നിര്‍ദേശം.
സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്താല്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കേണ്ടതുണ്ടെന്ന് സിബിഐ വ്യക്തമാക്കി. അന്വേഷണം ഏറ്റെടുക്കാന്‍ ഇതുവരെ കേന്ദ്ര വിജ്ഞാപനം ഇറങ്ങിയിട്ടില്ലെന്ന് സിബിഐ മറുപടി നല്‍കിയപ്പോഴാണ് കേന്ദ്രസര്‍ക്കാരിന് കോടതിയുടെ ഇടക്കാല ഉത്തരവ്. ആരാണ് ഉത്തരവ് ഇറക്കുന്നതിന് വൈകീയതിന് കാരണമെന്നും കോടതി ചോദിച്ചു.
സിബിഐ അന്വേഷണം ഏറ്റെടുക്കാന്‍ വൈകുന്നത് പ്രതികള്‍ക്ക് ഗുണകരമാകുമെന്നും കോടതി നിരീക്ഷിച്ചു. വൈകുന്ന ഓരോ നിമിഷവും കേസന്വേഷണത്തെ ബാധിക്കുമെന്നും കോടതി അഭിപ്രായപ്പെട്ടു. എന്തുകൊണ്ട് ഫയലുകള്‍ കൈമാറാന്‍ കാലതാമസം ഉണ്ടായതെന്ന് കോടതി സംസ്ഥാന സര്‍ക്കാരിനോട് ചോദിച്ചു. ഇങ്ങനെ കാലതാമസം ഉണ്ടാകുന്നത് കുറ്റവാളികള്‍ക്ക് കേസ് ഇല്ലാതാക്കാന്‍ സഹായകമാകുന്ന നിലപാടായിപ്പോകും.
അതിനാല്‍ സര്‍ക്കാര്‍ എന്തിനാണ് കാലതാമസം ഉണ്ടാക്കിയതെന്ന് കോടതി ചോദിച്ചു. മാര്‍ച്ച് 26 ന് തന്നെ കേസിന്റെ ഫയലുകള്‍ കൈമാറിയതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എത്രയും വേഗം സിബിഐക്ക് അന്വേഷണം കൈമാറി വിജ്ഞാപനം ഇറക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ട കോടതി, വിജ്ഞാപന ഉത്തരവ് കോടതിയില്‍ ഹാജരാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കാനായി മാറ്റിവെച്ചു.