കണ്ണൂർ : കല്യാശേരി എംഎൽഎ എം വിജിനും കണ്ണൂര്‍ ടൗൺ പൊലീസും തമ്മിലുള്ള തര്‍ക്കത്തിൽ എസ്ഐ ഷമീലിനെതിരെ അന്വേഷണ റിപ്പോർട്ട്. എംഎൽഎ ആണെന്ന് അറിഞ്ഞതിനു ശേഷവും എസ്ഐ മോശമായി പെരുമാറുകയായിരുന്നു എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. സംഭവത്തിൽ അന്വേഷണം നടത്തിയ എസിപി രത്നകുമാർ റിപ്പോർട്ട് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് കൈമാറി.
പ്രോട്ടോക്കോൾ പാലിക്കാതെയാണ് കണ്ണൂര്‍ ടൗൺ എസ്ഐ ഷമീൽ പെരുമാറിയത്. എസ്ഐയുടെ പെരുമാറ്റമാറ്റമാണ് സ്ഥിതി വഷളാകാൻ കാരണമായതെന്നുമാണ് റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നത്. കളക്ട്രേറ്റ് ഗേറ്റിൽ സുരക്ഷ ഒരുക്കാത്തതും വീഴ്ചയാണെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. എസ്ഐ മോശമായി പെരുമാറിയെന്ന് എം വിജിൻ എംഎൽഎ കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.
കെജിഎൻഎ എന്ന സിപിഎം അനുകൂല സംഘടന കണ്ണൂര്‍ സിവിൽ സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചുമായി ബന്ധപ്പെട്ടാണ് വിവാദ സംഭവം ഉണ്ടായത്. കളക്ട്രേറ്റ് വളപ്പിൽ കടന്നവർക്കെതിരെ കേസെടുക്കുമെന്ന ടൗൺ എസ്ഐയുടെ ഭീഷണിയായിരുന്നു എംഎൽഎയും പൊലീസും തമ്മിൽ കൊമ്പുകോർക്കാൻ കാരണം. എസ്ഐ ഷമീലിന്റെയും കളക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തിയ കെജിഎൻഎ ഭാരവാഹികളുടെയും സുരക്ഷാ ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്ന പിങ്ക് പൊലീസ് ഉദ്യോഗസ്ഥരുടെയും സ്ഥലത്തുണ്ടായിരുന്ന മറ്റ് ദൃക്സാക്ഷികളുടെയും മൊഴി എസിപി രേഖപ്പെടുത്തിയിരുന്നു. ഇതടക്കമാണ് കമ്മീഷണര്‍ക്ക് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.