കാസർകോട് : ജീവനൊടുക്കാന്‍ ശ്രമിച്ച് ചികിത്സയിലിരിക്കെ മരിച്ച ബേഡകം സ്റ്റേഷനിലെ എസ്.ഐയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും. കാസർകോട് പനത്തടി മാനടുക്കം പാടിയിൽ കെ. വിജയൻ ശനിയാഴ്ച വൈകീട്ട് ആറരയോടെയാണ് മരിച്ചത്. സി.പി.എം നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും സമ്മർദമാണ് എസ്.ഐയുടെ മരണത്തിന് കാരണമെന്നാരോപിച്ച് പ്രത്യക്ഷ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് കോൺഗ്രസ്.
ഏപ്രിൽ 29-ന് രാവിലെ ബേഡകം സ്റ്റേഷനിലെ ക്വാർട്ടേഴ്സിലാണ് വിജയനെ ജീവനൊടുക്കാന്‍ ശ്രമിച്ച നിലയില്‍ കണ്ടെത്തിയത്. ഉടൻ തന്നെ മംഗളൂരുവിലെ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് എറണാകുളത്തെ ആസ്പത്രിയിലേക്ക് മാറ്റുകയായിരുന്നു. ശനിയാഴ്ച വൈകീട്ട് ആറരയോടെ എറണാകുളത്തെ ആശുപത്രിയിൽ വെച്ചായിരുന്നു മരണം. എറണാകുളത്ത് നിന്ന് രാത്രിയോടെ കാസർകോട് എത്തിച്ച മൃതദേഹം രാവിലെ ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷനിലും തുടർന്ന് ബേഡകം പൊലീസ് സ്റ്റേഷനിലും പൊതുദർശനത്തിന് വെക്കും. 11 മണിയോടെ മൃതദേഹം പനത്തടി മാനടുക്കം പാടിയിലെ വീട്ടിൽ എത്തിക്കും.
ജോലി സമ്മർദം താങ്ങാനാകാത്തതുകൊണ്ടാണ് ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചതെന്നാണ് വിജയൻ ചികിത്സയിലിരിക്കേ മജിസ്ട്രേറ്റിന് മുമ്പാകെ മൊഴി നൽകിയതായാണ് വിവരം. ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബേഡകം സ്റ്റേഷൻ പരിധിയിലുണ്ടായ യു ഡി എഫ്-എൽഡിഎഫ് തർക്കം സംബന്ധിച്ച കേസിന്റെ അന്വേഷണച്ചുമതല ഇദ്ദേഹത്തിനായിരുന്നു. ഈ കേസിൽ സി.പി.എമ്മിൻ്റെ ഭാഗങ്ങളിൽനിന്നും സമ്മർദമുണ്ടായതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന. വോട്ടെടുപ്പ് ദിവസം ബേഡഡുടുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റിനെ അപമാനിച്ചുവെന്ന പരാതിയിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയെ ഉടൻ അറസ്റ്റു ചെയ്യണമെന്ന് സി.പി.എം സമ്മർദം ചെലുത്തിയെന്നാണ് ആരോപണം.