കാസര്‍കോട് : കാഞ്ഞങ്ങാട് അമ്പലത്തറയില്‍ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ നാട്ടുകാര്‍ ഭീതിയില്‍. കാഞ്ഞങ്ങാട് അമ്പലത്തറയില്‍ വീട്ടിലെ സിസിടിവിയിലാണ് പുലിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞത്. പറക്കളായി കല്ലടംചിറ്റയിലെ വികാസിന്റെ വീട്ടുമുറ്റത്താണ് പുലി എത്തിയത്.
ഡല്‍ഹിയില്‍ താമസിക്കുന്ന വികാസ്, തന്റെ വളര്‍ത്തുനായയെ കഴിഞ്ഞ ദിവസം രാത്രി മുതല്‍ കാണാതായതിനെ തുടര്‍ന്ന് മൊബൈല്‍ ഫോണിലൂടെ വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പുലിയെ കണ്ടത്. ദൃശ്യങ്ങള്‍ നോക്കുന്നതിനിടയില്‍, വീടിന്റെ പരിസരത്ത് പുലിയെ കണ്ട് താന്‍ ഞെട്ടിപ്പോയെന്ന് വികാസ് പറഞ്ഞു. അദ്ദേഹം ഉടന്‍ തന്നെ വീടിന്റെ കെയര്‍ടേക്കറെ വിളിച്ച് അറിയിച്ചു. കെയര്‍ ടേക്കര്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വിവരം കൈമാറി.
വിവരം ലഭിച്ചയുടനെ, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ റാപ്പിഡ് റെസ്പോണ്‍സ് ടീമിനെ (ആര്‍ആര്‍ടി) പരിശോധനയ്ക്കായി സ്ഥലത്തേക്ക് അയച്ചു. പുള്ളിപ്പുലി വികാസിന്റെ വീട്ടുവളപ്പില്‍ എത്തിയ കാര്യം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം രാത്രി 8.5 നും 8.10 നുമിടയിലാണ് വീട്ടിലെ സിസിടിവിയില്‍ പുലിയുടെ ദൃശ്യം പതിഞ്ഞത്. വളര്‍ത്തു നായയുടെ അവശിഷ്ടങ്ങള്‍ വീടിനോട് ചേര്‍ന്ന പുരയിടത്തില്‍ കണ്ടെത്തിയിരുന്നു. നേരത്തെ പറക്കളായി, മണ്ടെങ്ങാനം, ചക്കിട്ടടുക്കം, കാട്ടുമാടം എന്നിവിടങ്ങളില്‍ പുലിയെ കണ്ടതായി നാട്ടുകാര്‍ പറയുന്നു.
ഇവിടെ വനം വകുപ്പ് കൂട് വെക്കണം എന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. 2024 മെയ് മുതലാണ് ജില്ലയില്‍ പുലിയെ കണ്ടുതുടങ്ങിയത്. ഒക്ടോബര്‍ മുതല്‍ പുലിയുടെ സാന്നിധ്യം വ്യാപകമായി. വനാതിര്‍ത്തിയുള്ള പഞ്ചായത്തുകളിലാണ് പുലിയെ കൂടുതലായി കണ്ടത്. രാത്രിയില്‍ മാത്രമല്ല ജില്ലയില്‍ പകല്‍ സമയങ്ങളില്‍ പോലും പുലികളെ കാണാന്‍ തുടങ്ങിയതോടെ ജനങ്ങള്‍ കടുത്ത ആശങ്കയിലാണ്.
വനാതിര്‍ത്തി പഞ്ചായത്തുകളില്‍ മാത്രമല്ല തീരദേശ പഞ്ചായത്തുകള്‍ പോലും പുലിപ്പേടിയിലാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. ദേലംപാടി, മുളിയാര്‍, പിലിക്കോട് കാറഡുക്ക, ബളാല്‍, കിനാനൂര്‍, കരിന്തളം, മടിക്കൈ, പടന്ന, ഈസ്റ്റ് എളേരി, മംഗല്പാടി, പെരിയ പഞ്ചായത്തുകളിലാണ് ഇതുവരെ പുലിയുടെ സാന്നിധ്യം കണ്ടതായി നാട്ടുകാര്‍ പറയുന്നത്.