


പാലക്കാട് : തനിക്കെതിരായ വീഡിയോ എഐ ആണോയെന്ന് പരിശോധിക്കണമെന്ന് പാലക്കാട്ടെ എൻഡിഎ സ്ഥാനാർത്ഥിയും ബിജെപി നേതാവുമായ ശോഭ സുരേന്ദ്രൻ. പാലക്കാട്ടെ കണ്ണാടി പഞ്ചായത്തിൽ വയോധികയ്ക്ക് വോട്ടിന് പണം നൽകിയെന്ന വിവാദത്തിലാണ് ശോഭയുടെ പ്രതികരണം. ആരാണ് പണം നൽകിയത്?. പണം നൽകിയതിന്റെ രേഖ എവിടെ? പണം തന്നിട്ടില്ല എന്ന് അമ്മ പറഞ്ഞത് എന്തുകൊണ്ട് റിപ്പോർട്ട് ചെയ്യപ്പെട്ടില്ല. പാലക്കാട്ടെ ജനങ്ങളുമായി ഒരു ഡീൽ മാത്രമേയുള്ളൂ. അത് വികസനത്തിനായുള്ള ഡീൽ ആണെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.
ആ വീഡിയോ ആരാണ് കൊടുത്തത്?. കൊടുത്ത വ്യക്തിയുടെ മുഖം സഹിതം തെളിയിക്കണം. അതിന്റെ ബാധ്യത കേരള പൊലീസിനുണ്ട്. പത്താമത്തെ തെരഞ്ഞെടുപ്പിലാണ് മത്സരിക്കുന്നത്. 9 തവണയും ഇല്ലാത്ത ആരോപണം ഇപ്പോഴുണ്ടായി. എങ്ങനെയാണ് ആര്‍ട്ടിഫിഷ്യല്‍ വീഡിയോ ഉണ്ടായി. ഇതിനു പിന്നില്‍ ഏതു മാധ്യമപ്രവര്‍ത്തകനാണ് പ്രവര്‍ത്തിച്ചത് ?. എന്തുകൊണ്ടാണ് നടന്നുപോകുന്ന സ്ത്രീ തന്റെ കാറിലേക്ക് കയറുന്ന ദൃശ്യമില്ലാത്തതെന്ന് ശോഭ സുരേന്ദ്രന് ചോദിച്ചു.
വലിയൊരു കഥ കെട്ടിച്ചമച്ച് കേരളത്തിന്റെ മണ്ണിൽ പടർത്താനാണ് ശ്രമിച്ചത്. തലേദിവസം കലക്ടർക്ക് പരാതി നൽകിയ ശേഷമാണ് കഥയുണ്ടാക്കുന്നത്. ശോഭാ സുരേന്ദ്രന്റെ സ്റ്റിക്കർ ഒട്ടിച്ച നിരവധി കാറുകൾ ഓടുന്നുണ്ട്. പാലക്കാട്ട് ശോഭാ സുരേന്ദ്രൻ ജയിച്ച് പദ്ധതികൾ കൊണ്ടുവരരുത് എന്ന് ഒരു വിഭാഗം മാധ്യമങ്ങൾ ആഗ്രഹിക്കുന്നുണ്ട്. തന്നെ വേട്ടയാടാൻ ജമാ അത്തെ ഇസ്ലാമിയുടെ തണൽ പറ്റി ഒരു മാധ്യമ സിൻഡിക്കേറ്റ് പ്രവർത്തിക്കുന്നുണ്ടെന്നും ശോഭാ സുരേന്ദ്രൻ ആരോപിച്ചു.
ആ മാധ്യമസിൻഡിക്കേറ്റിന്റെ കേരളത്തിലാകമാനമുള്ള പ്രവർത്തനത്തിനുള്ള മറുപടി മെയ് 4 ന് ശേഷം പറയും. ഇരുട്ടു കൊണ്ട് ഓട്ടയടയ്ക്കാമെന്ന് കരുതേണ്ട. ശോഭ സുരേന്ദ്രൻ കേരള നിയമസഭയിൽ പോയാൽ പലരുടേയും മുഖംമൂടി പിച്ചിചീന്തപ്പെടും. ഇടത്തോട്ടും വലത്തോട്ടുമല്ലാതെ ഈ കേരളത്തിലെ അഴിമതിക്കെതിരെ ശോഭ സുരേന്ദ്രൻ പോരാട്ടം നടത്തും. അതുകൊണ്ടാണ് ഇത്തരം മാധ്യമങ്ങൾ തനിക്കെതിരെ തിരിയുന്നത്.
ഷാഫി പറമ്പിലിന്റെ അനുയായി ആയ പ്രശോഭ് ദലിത് പെൺകുട്ടിയെ പീഡിപ്പിച്ചത് മാധ്യമങ്ങൾ വാർത്തയാക്കിയില്ല. ഷാഫി പറമ്പിൽ തന്റെ ബോസ് ആണെന്നാണ് പ്രശോഭ് പറയുന്നത്. ഷാഫി പറമ്പിലിന് ജമാഅത്തെ ഇസ്ലാമിയുമായും പോപ്പുലർ ഫ്രണ്ടുമായും ബന്ധമുണ്ട്. ഇതറിയണമെങ്കിൽ ശൈലജ ടീച്ചറോട് ചോദിച്ചാൽ മതിയെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. വോട്ടു കോഴ ആരോപണത്തിൽ തനിക്കെതിരെ വാർത്താസമ്മേളനം നടത്തിയവരിൽ ഒരാൾ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയുടെ സഹോദരനാണെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.
രാഹുൽഗാന്ധിക്ക് ഉപദേശം നൽകുന്ന ഒരു മഹാനുണ്ട്. കെ സി വേണുഗോപാൽ എന്നാണ് പേര്. അദ്ദേഹത്തിന്റെ സോളാർ കഥകളൊന്നും ഇപ്പോൾ പറയുന്നില്ല. അതെന്റെ മര്യാദ കൊണ്ടാണ്. കെ സി വേണുഗോപാലാണ് 500 ന്റെ നോട്ടുകെട്ടുകൾക്ക് മുകളിൽ അടയിരുന്നത്. കോൺഗ്രസിന്റെ ചിഹ്നത്തിൽ മത്സരിക്കാൻ 19 കോടി വാങ്ങിയെന്ന് ഒരു സ്ഥാനാർത്ഥിയുടെ ഭാര്യ വാർത്താസമ്മേളനത്തിൽ പറഞ്ഞതാണ്. ആ കെ സി വേണുഗോപാലാണ് ഇപ്പോൾ ഉപദേശിക്കാൻ വന്നിരിക്കുന്നതെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.