ഭോപ്പാൽ: ബിജെപി പ്രവർത്തകൻ ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവത്തില്‍ കാല്‍കഴുകി മാപ്പു പറഞ്ഞ് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. സംഭവത്തിൽ വ്യാപക വിമർശനം ഉയർന്നതിന് പിന്നാലെയാണ് മുഖം രക്ഷിക്കാൻ മുഖ്യമന്ത്രിയുടെ നടപടി.
ആദിവാസി യുവാവായ ദഷ്മത് രാവത്തിനെ മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തിച്ചാണ് കാല് കഴുകിയത്. “ആ വീഡിയോ കണ്ട് ഞാന്‍ വേദനിച്ചു. ഞാന്‍ നിങ്ങളോട് മാപ്പ് പറയുന്നു. എനിക്ക് നിങ്ങള്‍ ദൈവത്തെ പോലെയാണ്’ കാല് കഴുകിയതിന് ശേഷം മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, യുവാവിന്റെ ദേഹത്ത് മൂത്രമൊഴിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. കൊടുംക്രൂരതയുടെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതേത്തുടർന്നാണ് പ്രതിയായ പ്രവേശ് ശുക്ലയെ ബുധനാഴ്ച പുലർച്ചെ അറസ്റ്റ് ചെയ്തത്.
നിലത്തിരിക്കുകയായിരുന്ന രാവത്തിന്റെ ദേഹത്ത് പ്രവേശ് ശുക്ല എന്ന ബിജെപി പ്രവർത്തകൻ മൂത്രമൊഴിക്കുകയായിരുന്നു. പ്രതിക്കെതിരേ കർക്കശ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി നിർദേശിച്ചിരുന്നു. ദേശീയ സുരക്ഷാ നിയമം, എസ്സി-എസ്ടി സംരക്ഷണ നിയമം തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസ്.