ബംഗളൂരു: ഷിരൂരിൽ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ ഇടപെട്ട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഓഫീസ്. രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ പൊലീസിനും അഗ്നിശമന സേനയ്ക്കും നിർദേശം നൽകി. കേരളാ സർക്കാരും കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ.സി.വേണുഗോപാലും സിദ്ധരാമയ്യയുമായി സംസാരിച്ചതിന് പിന്നാലെയാണ് നടപടി. കർണാടക ലോ ആൻഡ് ഓർഡർ എഡിജിപി ആർ. ഹിതേന്ദ്രയോട് അന്വേഷണത്തിന് നിർദേശം നൽകി. അപകടത്തിൽപ്പെട്ട കോഴിക്കോട് സ്വദേശി അർജുന്റെ ഏറ്റവും ഒടുവിൽ റിംഗ് ചെയ്ത നമ്പർ കർണാടക സൈബർ സെല്ലിന് കൈമാറിയിട്ടുണ്ട്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഷിരൂരില്‍ വന്‍ മണ്ണിടിച്ചിലുണ്ടായത്. അപകടത്തില്‍പ്പെട്ട ലോറിയും ഡ്രൈവറും മണ്ണിനടിയിലെന്നാണ് സംശയം. ജിപിഎസ് സംവിധാനം വഴി പരിശോധിക്കുമ്പോൾ മണ്ണിനടിയിലാണ് ലോറി കിടക്കുന്നതെന്നാണ് വ്യക്തമാക്കുന്നത്.അർജുന്റെ വീട്ടിൽനിന്ന് ആദ്യം വിളിച്ചപ്പോൾ ഫോൺ ബെല്ലടിച്ചെങ്കിലും പ്രതികരണം ഉണ്ടായിട്ടില്ല. പിന്നീട് നമ്പര്‍ സ്വിച്ച് ഓഫായെന്നും ഭാര്യ പറഞ്ഞു.രണ്ടു ഫോണുകളാണ് അര്‍ജുനുള്ളത്. ഇതില്‍ ആദ്യത്തെ ഫോണ്‍ നേരത്തെ തന്നെ സ്വിച്ച് ഓഫായിരുന്നു. വ്യാഴാഴ്ച രണ്ടാമത്തെ ഫോണിലേക്ക് വിളിച്ചപ്പോള്‍ സ്വിച്ച് ഓഫായിരുന്നു. ഇതേ ഫോണില്‍ ഇന്ന് രാവിലെ വീണ്ടും വിളിച്ചപ്പോൾ ബെല്ലടിച്ചത് കുടുംബത്തിന് പ്രതീക്ഷ നൽകുന്നുണ്ട്.