കോഴിക്കോട്: ഷിരൂർ മണ്ണിടിച്ചിലിൽ ജീവൻ നഷ്ടമായ അർജുന്റെ മൃതദേഹം കോഴിക്കോട്ട് എത്തിച്ചു. കോഴിക്കോട്ട് അഴിയൂർ എത്തിച്ച മൃതദേഹം സംസ്ഥാന സർക്കാരിനുവേണ്ടി മന്ത്രി എ.കെ. ശശീന്ദ്രൻ ഏറ്റുവാങ്ങി.കാസർഗോട്ട് സംസ്ഥാന അതിർത്തിയിൽ അർജുന്റെ മൃതദേഹം കേരളാ പോലീസ് ഏറ്റുവാങ്ങിയിരുന്നു. നിരവധി പേരാണ് അർജുന് അന്ത്യാഞ്ജലി അർപ്പിക്കാൻ കാസർഗോട്ട് കാത്തുനിന്നത്.
കാസർഗോട്ടുനിന്ന് കേരള-കർണാടക പോലീസിന്റെ അകമ്പടിയോടെയാണ് ആംബുലൻസ് കോഴിക്കോട്ടേക്ക് കൊണ്ടുവരുന്നത്. കർണാടകയുടെ പ്രതിനിധിയായി കാർവാർ എംഎൽഎ സതീഷ് സെയിനും വാഹനത്തെ അനുഗമിക്കുന്നുണ്ട്.ഷിരൂർ ദൗത്യത്തിൽ തുടക്കംമുതൽ പങ്കാളിയായ പ്രാദേശിക മുങ്ങൽവിദഗ്ധൻ ഈശ്വർ മാൽപെയും ആംബുലൻസിനെ അനുഗമിക്കുന്നുണ്ട്. അർജുനുമായുള്ള ആംബുലൻസ് രാവിലെ 8.30 ഓടെ ജന്മനാടായ കണ്ണാടിക്കലിൽ എത്തും. തുടർന്ന് വിലാപയാത്രയായി വീട്ടിലെത്തിക്കും. ഒരു മണിക്കൂർ വീട്ടിൽ പൊതുദർശനം ഉണ്ടാകുമെന്നാണ് വിവരം. തുടർന്ന് വീട്ടുവളപ്പിൽ മൃതദേഹം സംസ്കരിക്കും.
ഡി.എൻ.എ സ്ഥിരീകരിച്ചതിനെ തുടർന്ന് അർജുന്റെ ശരീര ഭാഗങ്ങൾ ഇന്നലെ രാത്രി ഏഴ് മണിക്ക് ശേഷമാണ് കാർവാർ കിംസ് ആശുപത്രി മോർച്ചറിയിൽ നിന്ന് ബന്ധുക്കൾക്ക് കൈമാറിയത്. സഹോദരനായ അഭിജിത്ത്, സഹോദരീ ഭർത്താവ് ജിതിൻ എന്നിവർ ഭൗതിക ദേഹം ഏറ്റുവാങ്ങി. പ്രത്യേകം തയ്യാറാക്കിയ ആംബുലൻസിൽ കയറ്റി ജന്മനാട്ടിലേക്ക് തിരിച്ചു.ലോറിയുടെ ക്യാബിനിൽ കണ്ടെത്തിയ മകന്റെ കളിപ്പാട്ട ലോറി, അർജുന്റെ വാച്ച്, ചെരുപ്പ്, ഫോണുകൾ, പ്രഷർ കുക്കർ, സ്റ്റീൽ പാത്രങ്ങൾ, രേഖകൾ, ബാഗ് തുടങ്ങിയ സാധനങ്ങൾ ഇന്നലെ വൈകിട്ടു തന്നെ ആംബുലൻസിൽ കയറ്റിയിരുന്നു.
കാർവാർ പൊലീസ് ആംബുലൻസിന് അകമ്പടിയായി. അതിർത്തി മുതൽ കേരള പൊലീസും ഒപ്പമുണ്ടായി. തെരച്ചിലിന് ആദ്യവസാനം നേതൃത്വം കൊടുത്ത കാർവാർ എം എൽ എ സതീഷ് കൃഷ്ണ സെയിലും ആംബുലൻസിനൊപ്പം തിരിച്ചു. മഞ്ചേശ്വരം എം എൽ എ എ കെ എം അഷ്റഫും ഒപ്പമുണ്ട്. രാത്രി ആയതിനാൽ വഴിയിൽ അന്തിമോപചാര ചടങ്ങുകൾ ഒഴിവാക്കണമെന്ന് കാർവാർ ജില്ലാ ഭരണകൂടം നിർദ്ദേശിച്ചിരുന്നു. ലോറി ഉടമയായ മനാഫും സംഘവും നാട്ടിലേക്ക് തിരിച്ചിരുന്നു. കാർവാർ ജില്ലാ ഭരണകൂടം സജ്ജീകരിച്ച ആംബുലൻസിന്റെ എല്ലാ ചെലവും കേരള സർക്കാർ വഹിക്കും.