കോഴിക്കോട് : നാദാപുരം തൂണേരിയിലെ ഡിവൈഎഫ്ഐ പ്രവർത്തകൻ ഷിബിനെ കൊലപ്പെടുത്തിയ കേസിലെ ഏഴ് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ. ഏഴ് ലീഗ് പ്രവർത്തകർക്കാണ് ഹൈക്കോടതി ശിക്ഷ വിധിച്ചത്. ഷിബിന്റെ മാതാപിതാക്കൾക്ക് അഞ്ച് ലക്ഷം നഷ്ടപരിഹാരം നൽകണമെന്നും കോടതി. വിചാരണക്കോടതി വെറുതെ വിട്ടവർക്കാണ് ശിക്ഷ.
ഷിബിൻ കൊല്ലപ്പെട്ട കേസിൽ 1 മുതല്‍ 6 വരെ പ്രതികളെയും 15, 16 പ്രതികളെയും ഹൈകോടതി കുറ്റക്കാരെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. പ്രതികൾ 15ന് ഹാജരാകണമെന്നായിരുന്നു കോടതി ഉത്തരവ്. കേസിൽ കുറ്റക്കാരാണെന്ന് ഹൈക്കോടതി കണ്ടെത്തിയ മുസ്ലിം ലീഗ് പ്രവർത്തകരായ 6 പ്രതികളെ കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും പിടികൂടിയിരുന്നു. ചൊവ്വാഴ്ച ഹൈകോടതിയിൽ ഹാജരാക്കണമെന്ന കോടതി നിർദേശത്തെതുടർന്ന് വിചാരണ കോടതിയായ കോഴിക്കോട് മാറാട് പ്രത്യേക കോടതിയിൽ കീഴടങ്ങാൻ നാട്ടിലെത്തിയ പ്രതികളെ പൊലീസ് നേരത്തേ പുറപ്പെടുവിച്ച ലുക്കൗട്ട് നോട്ടീസിന്റെ അടിസ്ഥാനത്തിൽ അറസ്റ്റുചെയ്യുകയായിരുന്നു.
2015 ജനുവരി 22നാണ് ഡിവൈഎഫ് പ്രവർത്തകനായ ഷിബിൻ കൊല്ലപ്പെട്ടത്. കേസിലെ 17 പ്രതികളെയും വിചാരണ കോടതി വെറുതെ വിട്ടിരുന്നു. ഷിബിൻ്റെ അച്ഛനും സർക്കാരും നൽകിയ അപ്പീലിലാണ് മുസ്ലിം ലീഗ് പ്രവർത്തകരായ 8 പേർ കുറ്റക്കാരാണെന്ന് ഹൈക്കോടതി കണ്ടെത്തിയത്. മൂന്നാം പ്രതി നേരത്തേ കൊല്ലപ്പെട്ടിരുന്നു. രാഷ്ട്രീയ വിരോധത്താല്‍ ലീഗ് പ്രവര്‍ത്തകരായ പ്രതികള്‍ മാരകായുധങ്ങളുമായി ഷിബിന്‍ ഉള്‍പ്പെടെയുള്ള ഡിവൈഎഫ്ഐ- സിപിഎം പ്രവര്‍ത്തകരെ ആക്രമിച്ചെന്നായിരുന്നു കേസ്. ശിക്ഷാ വിധി വരുന്ന പശ്ചാത്തലത്തിൽ തൂണേരിയിലും പരിസര പ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്