കണ്ണൂര്‍ : ഭാസ്കര കാരണവര്‍ വധക്കേസ് പ്രതി ഷെറിന് മര്‍ദ്ദിച്ചെന്ന് പരാതി നല്കിയ വിദേശ വനിതയായ തടവുകാരിയെ ജയില്‍ മാറ്റി. നൈജീരിയ സ്വദേശിയായ തടവുകാരി ജൂലിയെയാണ് ജയില്‍ മാറ്റിയത്. കണ്ണൂര്‍ വനിതാ ജയിലില്‍ നിന്ന് തിരുവനന്തപുരം വനിതാ ജയിലിലേക്കാണ് മാറ്റിയത്.
കുടിവെള്ളം എടുക്കാന്‍ പോയ തടവുകാരിയെ ഷെറിനും മറ്റൊരു തടവുകാരിയായ ഷബ്നയും ചേര്‍ന്ന് മര്‍ദ്ദിച്ചെന്നാണ് കേസ്. തടവുകാരിയുടെ പരാതിയിൽ കണ്ണൂർ ടൗൺ പൊലീസാണ് ഷെറിനെ ഒന്നാം പ്രതിയാക്കി കേസെടുത്തത്. കണ്ണൂര്‍ വനിതാ ജയിലില്‍ തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കോളിളക്കം സൃഷ്ടിച്ച ഭാസ്കര കാരണവർ വധക്കേസിലെ മുഖ്യപ്രതിയായ ഷെറിന് ശിക്ഷാ ഇളവ് നല്കാന് മന്ത്രിസഭ തീരുമാനം എടുത്തതിനു പിന്നാലെയാണ് പുതിയ കേസെടുത്തത്. കാരണവര്‍ വധക്കേസില്‍ 14 വര്‍ഷം തടവുശിക്ഷ പൂര്‍ത്തിയായ ഷെറിന് ശിക്ഷാ ഇളവ് നല്കിയ മന്ത്രിസഭാ തീരുമാനം വിവാദമായിരുന്നു.