കൊച്ചി : സിഎംആര്‍എല്‍-എക്സാ ലോജിക് പണമിടപാടു കേസില്‍ കൂടുതല്‍ ആരോപണങ്ങളുമായി ഷോണ്‍ ജോര്‍ജ് രംഗത്ത്. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച രേഖയിലാണ് അബുദാബിയിലെ ബാങ്ക് ഇടപാടുകളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഷോണ്‍ നല്‍കിയത്. നിലവില്‍ അന്വേഷണം നടക്കുന്ന സിഎംആര്‍എല്‍-എക്സാലോജിക്ക് ഇടപാടില്‍നിന്നുള്ള വലിയ തുക അബുദാബിയിലെ ബാങ്ക് അക്കൗണ്ടിലാണു സൂക്ഷിച്ചിരുന്നതെന്ന് ഷോണ്‍ ആരോപിച്ചു. എക്സാലോജിക് കണ്‍സള്‍ട്ടിങ്, മീഡിയ സിറ്റി, യുഎഇ എന്ന പേരിലുള്ള അക്കൗണ്ടിലേക്കാണ് പണം പോയിരിക്കുന്നതെന്ന് വാർത്താ സമ്മേളനത്തിൽ ഷോൺ ജോർജ് വ്യക്തമാക്കി.
വീണാ തൈക്കണ്ടിയില്‍, എം.സുനീഷ് എന്നിവരാണ് 2016 മുതല്‍ 2019 വരെ ഈ അക്കൗണ്ട് കൈകാര്യം ചെയ്തിരുന്നത്. ശരാശരി 10 കോടി രൂപ വരെ ഈ അക്കൗണ്ടിൽ എപ്പോഴും ഉണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെതിരെയാണു താൻ തെളിവുകൾ പുറത്തു വിടുന്നതെന്നും തെറ്റാണെന്ന് തെളിഞ്ഞാൽ മാനനഷ്ടത്തിന് കേസു കൊടുക്കാമെന്നും ഷോൺ പറഞ്ഞു. എസ്എൻസി ലാവ്ലിൻ, രാജ്യാന്തര കൺസൾട്ടിങ് കമ്പനിയായ പ്രൈസ് വാട്ടർഹൗസ് കൂപ്പർ എന്നിവയിൽനിന്ന് എക്സാലോജിക്കിന്റെയും മീഡിയ സിറ്റിയുടെയും അക്കൗണ്ടിലേക്ക് പണം വന്നിട്ടുണ്ട്. 1999 മുതൽ ലാവ്ലിൻ കമ്പനിയുമായി മുഖ്യമന്ത്രി പിണറായി വിജയനുള്ള ബന്ധം എല്ലാവർക്കും അറിയാമെന്ന് പറഞ്ഞ ഷോൺ, കേസ് ഇപ്പോൾ സുപ്രീം കോടതിയുടെ പരിഗണനയിലാണെന്നും ചൂണ്ടിക്കാട്ടി.
ലാവ്ലിന്റെ ഉപകമ്പനികൾ കിഫ്ബി മസാല ബോണ്ട് വഴി 9.25% പലിശയ്ക്ക് പണം നിക്ഷേപിച്ചിട്ടുണ്ട്. 6% പലിശയ്ക്ക് നിക്ഷേപം കിട്ടുമ്പോഴാണ് ഇങ്ങനെ കൂട്ടി നൽകുന്നത്. ഇതിന്റെ വ്യത്യാസത്തിൽ വരുന്ന തുകയാണോ വീണയുടെ അക്കൗണ്ടിലേക്ക് ലാവ്ലിൻ നിക്ഷേപിക്കുന്നത് എന്ന് അന്വേഷിക്കണമെന്ന് ഷോൺ ആവശ്യപ്പെട്ടു. പ്രൈസ് വാട്ടർഹൗസ് കൂപ്പറുമായുള്ള കാര്യങ്ങൾ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവങ്കറിന്റെ കാലത്തു തന്നെ വിവാദമായതാണെന്ന് ഷോൺ പറഞ്ഞു. 2018 ഡിസംബർ ഒന്നിനാണ് പിഡബ്ല്യുസിയുമായി കരാർ ഒപ്പുവയ്ക്കുന്നത്. 2020 നവംബർ 30നാണ് കരാർ അവസാനിക്കുന്നത്. ഇതേ കാലയളവിൽ തന്നെയാണ് അബുദാബിയിലെ അക്കൗണ്ടിൽ കൺസൾട്ടിങ് കമ്പനി പണം നിക്ഷേപിച്ചിരുന്നത്. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ നിയമനവുമായി ബന്ധപ്പെട്ട് അവർ പുറത്തു പറഞ്ഞ കാര്യങ്ങൾ സത്യമാണെന്ന് തെളിയുന്നതായി ഷോൺ പറഞ്ഞു.
അന്ന് പിഡബ്ല്യുസിയുടെ തലപ്പത്തുണ്ടായിരുന്ന ആൾ തന്നെയായിരുന്നു സ്വപ്നയുടെ കമ്പനിയുടെയും മെന്റർ. സ്പേസ് പാർക്കിൽ നിയമനം ലഭിച്ച സ്വപ്നയ്ക്ക് ലഭിച്ചിരുന്ന ശമ്പളം 1.7 ലക്ഷം രൂപയായിരുന്നു. എന്നാൽ ഇതേ ഇനത്തിൽ പിഡബ്ല്യുസിക്ക് നൽകിയിരുന്നത് 3.34 ലക്ഷം രൂപയും. അപ്പോൾ സ്വപ്നയ്ക്ക് നല്കിയ ശമ്പളം കിഴിച്ച് 2.27 ലക്ഷം രൂപയോളം ഓരോ മാസവും എവിടേക്കാണ് പോയിരുന്നത് എന്നത് ഇപ്പോൾ പുറത്തു വരുന്നു. ആദായനികുതി റിട്ടേണിൽ വിദേശത്തുള്ള അക്കൗണ്ടിനെ കുറിച്ച് വീണ വെളിപ്പെടുത്തിയിട്ടില്ലെങ്കിൽ വലിയ കുറ്റകൃത്യമാണ് ചെയ്തിരിക്കുന്നത്. തനിക്ക് ലഭിച്ച വിവരങ്ങൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, കേന്ദ്ര കോർപറേറ്റ് മന്ത്രാലയം, എസ്എഫ്ഐഒ എന്നിവർക്ക് കൈമാറിയിട്ടുണ്ട്. ഇക്കാര്യങ്ങളാണ് ഹൈക്കോടതിയുടെ പരിഗണനയ്ക്ക് സമർപ്പിച്ചിരിക്കുന്നത്. ഈ വിവരങ്ങള്‍ ഏപ്രില്‍ 19ന് ചെന്നൈയിലെ ഇ.ഡി സ്പെഷല്‍ ഡയറക്ടര്‍ക്കു നല്കി. മറ്റൊരാള്‍ നല്കിയ വിവരങ്ങളാണിതെന്നും അന്വേഷണത്തിന് ഗുണകരമാകുമെന്നു കരുതുന്നതിനാലാണ് അധികൃതര്‍ക്കു സമര്‍പ്പിക്കുന്നതെന്നും ഷോണ്‍ വ്യക്തമാക്കി.