കൊല്ലം : സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ പേരില്‍ ക്ഷേത്രത്തില്‍ ശത്രുസംഹാര അര്‍ച്ചന. കൊല്ലം ഇടമുളയ്ക്കല്‍ അസുരമംഗലം എന്‍എസ്എസ് കരയോഗം പ്രസിഡന്റ് അഞ്ചല്‍ ജോബാണ് അര്‍ച്ച നടത്തിയത്. സ്പീക്കറുടെ ഗണപതി പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് ഇന്ന് എന്‍എസ്എസ് വിശ്വാസ സംരക്ഷണദിനമാചരിച്ച് പ്രതിഷേധിക്കുന്നു. ഇതിന്റെ ഭാഗമായി നാമജപ ഘോഷയാത്രയും സംഘടിപ്പിച്ചിട്ടുണ്ട്.
തിരുവനന്തപുരത്തു പാളയം ഗണപതി ക്ഷേത്രം മുതല്‍ പഴവങ്ങാടി ക്ഷേത്രംവരെയാണ് ഘോഷയാത്ര. മറ്റിടങ്ങളിലും വിശ്വാസ സംരക്ഷണ ദിനം ആചരിക്കാന്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ താലൂക്ക് യൂണിയനുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വീടിനടുത്തുള്ള ഗണപതി ക്ഷേത്രത്തിലെത്തി വഴിപാട് നടത്താനാണ് നിര്‍ദ്ദേശം.
അതേസമയം, ഗണപതി പരാമര്‍ശത്തില്‍ സ്പീക്കര്‍ എ എന്‍ ഷംസീര്‍ ഹൈന്ദവ വിശ്വാസികളോട് മാപ്പ് പറയണമെന്ന കാര്യത്തില്‍ ഒരു മാറ്റവുമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു. ‘എനിക്ക് അബദ്ധം പറ്റി. ഞാന്‍ ഹൈന്ദ വിശ്വാസികളോട് മാപ്പുപറയുന്നു എന്ന് സ്പീക്കര്‍ പറയണം’- ജി സുകുമാരന്‍ നായര്‍ പറഞ്ഞു. സ്പീക്കറുടെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് എന്‍എസ് എസ് ഇന്ന് വിശ്വാസ സംരക്ഷണ ദിനം ആചരിക്കുകയാണ്. ഇതിന് തുടക്കം കുറിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഹൈന്ദവ വിശ്വാസത്തില്‍ ഏത് സംരംഭത്തിനും ആരംഭം കുറിക്കുന്നത് ഗണപതി പൂജ നടത്തിയാണ്. അതിനെതിരെയാണ് സര്‍ക്കാരില്‍ ഉന്നത സ്ഥാനത്തിരിക്കുന്ന സ്പീക്കര്‍ പ്രതികരിച്ചത്. ആരാധിക്കുന്ന ഈശ്വരനെ അങ്ങേയറ്റം അധിക്ഷേപിച്ച് കൊണ്ടും അപമാനിച്ച് കൊണ്ടുമാണ് സംസാരിച്ചത്. സ്പീക്കറുടേത് ചങ്കില് തറയ്ക്കുന്ന പ്രസ്താവനയാണ്. എല്ലാ മതവിഭാഗങ്ങളുടെയും ആരാധന സ്വാതന്ത്ര്യം അംഗീകരിച്ച് കൊണ്ട് മുന്നോട്ടുപോകുന്ന പാരമ്പര്യമാണ് ഹൈന്ദവര്‍ക്കുള്ളത്.
ഒരു പ്രത്യേക സമുദായത്തില്‍പ്പെട്ട ഒരാള്‍ ഒരു വിഭാഗത്തെ മാത്രം കേന്ദ്രീകരിച്ച് കൊണ്ട് നിന്ദ്യവും നീചവുമായ ഭാഷയില്‍ ആരാധിക്കുന്ന ഈശ്വരനെ അപമാനിക്കാന്‍ ശ്രമിച്ചാല്‍ വീട്ടുവീഴ്ചയില്ലാത്ത എതിര്‍പ്പിനെ നേരിടേണ്ടി വരും’- ജി സുകുമാരന്‍ നായര്‍ പറഞ്ഞു.
‘വിശ്വാസ സംരക്ഷണത്തില്‍ എല്ലാ വിഭാഗത്തില്‍പ്പെട്ട ഹൈന്ദവരും സജീവമായി രംഗത്തുവന്നിട്ടുണ്ട്. എന്‍എസ്എസും അവരോടൊപ്പം യോജിച്ച് പ്രവര്‍ത്തിക്കും.വിശ്വാസവുമായി ബന്ധപ്പെട്ട കാര്യമാണ്. വിശ്വാസ സംരക്ഷണത്തിന്റെ കാര്യമാണ്. ശബരിമല വിഷയത്തില്‍ വിശ്വാസം സംരക്ഷിക്കാന്‍ അങ്ങേയറ്റം വരെ എന്‍എസ്എസ് പോരാടി. സമാനമായ നിലയില്‍ വിശ്വാസം സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകും. ഒരു പ്രകോപനവും ഉണ്ടാക്കാതെ, വിശ്വാസം മുറുകെ പിടിച്ച് കൊണ്ട്അടുത്ത ഗണപതി ക്ഷേത്രത്തില്‍ പോയി പ്രാര്‍ഥിക്കുകയും വഴിപാട് നടത്തുകയും ചെയ്യുകയാണ് വിശ്വാസ സംരക്ഷണ ദിനത്തിന്റെ ലക്ഷ്യം. പ്രതിഷേധത്തിന് ശക്തി നല്കാന് ഈശ്വരനോട് പ്രാര്‍ഥിക്കാനാണ് പോകുന്നത്.’- ജി സുകുമാരന്‍ നായരുടെ വാക്കുകള്‍
‘സ്പീക്കര്‍ രാജിവെയ്ക്കണമെന്ന് ഞാന്‍ പറഞ്ഞിട്ടില്ല.ആ സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ല എന്ന് ഞാന്‍ പറഞ്ഞു.ഹൈന്ദവ വിശ്വാസികളോട് മാപ്പ് പറയണമെന്ന കാര്യത്തില്‍ യാതൊരു മാറ്റവുമില്ല. എനിക്ക് അബദ്ധം പറ്റി. ഞാന്‍ മാപ്പ് പറയുന്നു എന്ന് സ്പീക്കര്‍ പറയണം. വിശ്വാസമാണ് മനുഷ്യനെ മുന്നോട്ട് നയിക്കുന്നത്. ശാസ്ത്രം ഗണപതിയുടെ മേല്‍ മാത്രം അടിച്ചേല്‍പ്പിക്കുന്നത് ശരിയല്ല. ശാസ്ത്രത്തിന്റെ കാര്യം പറയുമ്പോള്‍ മറ്റെന്തെല്ലാം കാര്യങ്ങള്‍ ഉണ്ട്. ഗണപതിയുടെ കാര്യം മാത്രമാണോ? മറ്റു മതങ്ങളുടെ കാര്യത്തില്‍ ഇതുപോലെ എന്തെല്ലാം ഉണ്ട്. ഞങ്ങള്‍ ആരെങ്കിലും ഇതിനെ കുറിച്ച് പ്രതിപാദിച്ചോ? ശാസ്ത്രം ഗണപതിയുടെ മേല്‍ മാത്രം അടിച്ചേല്‍പ്പിക്കുന്ന രീതി ശരിയല്ല. ശാസ്ത്രമല്ല വലുത് വിശ്വാസമാണ്’- ജി സുകുമാരന്‍ നായര്‍ പറഞ്ഞു.