തിരുവനന്തപുരം : പാര്‍ട്ടി പറഞ്ഞാല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് നിന്ന് താന്‍തന്നെ മത്സരിക്കുമെന്ന് ശശി തരൂര്‍ എംപി. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന ചോദ്യത്തിന് സാഹചര്യം നോക്കി തീരുമാനം എടുക്കുമെന്ന് തരൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടി പറഞ്ഞാല്‍ തിരുവനന്തപുരത്ത് താന്‍ തന്നെ മത്സരിക്കും. തിരുവനന്തപുരം ലോക്സഭാ മണ്ഡലം തെരഞ്ഞെടുപ്പില്‍ സീറ്റ് ആര്‍ക്കെങ്കിലും വിട്ടുകൊടുക്കാമെന്ന് കരുതിയിരുന്നു. പക്ഷെ, സാഹചര്യം കാണുമ്പോള്‍ മനസ് മാറി. ദേശീയ തലത്തില്‍ ഒരു ഭരണമാറ്റം ആവശ്യമാണ് തരൂര്‍ പറഞ്ഞു.
മത്സരിച്ചാല്‍ ജയപ്രതീക്ഷ ഉണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, തിരുവനന്തപുരത്ത് മോദി മത്സരിച്ചാലും താന്‍ ജയിക്കും എന്നായിരുന്നു തരൂരിന്റെ മറുപടി. തിരുവനന്തപുരത്ത് മത്സരിക്കാന്‍ നൂറ് ശതമാനം തീരുമാനിച്ചിരുന്നില്ല. പാര്‍ലമെന്റ് വേണോ മറ്റേതെങ്കിലും തെരഞ്ഞെടുപ്പ് വേണോ എന്ന് സംശയം ഉണ്ടായിരുന്നു. എന്നാല്‍, ദേശീയ സാഹചര്യത്തില്‍ ഒരു തീരുമാനത്തിലേക്ക് എത്തി. പാര്‍ട്ടി തീരുമാനിച്ചാല്‍ തിരുവനന്തപുരത്ത് മത്സരിക്കും’- തരൂര്‍ കൂട്ടിച്ചേര്‍ത്തു.
പാര്‍ലമെന്റിലെ ഡാനിഷ് അലിക്കെതിരായ വര്‍ഗീയ പരാമര്‍ശത്തില്‍ രാജ്യം സ്തഭിച്ചുവന്ന് തരൂര്‍ പറഞ്ഞു. പാര്‍ലമെന്റില്‍ മുസ്ലിം എംപിക്കെതിരെ ബിജെപി എംപി തെറിവിളിച്ചു. ഇന്ത്യ മുഴുവന്‍ സ്തംഭിച്ച സംഭവം. വര്‍ഗീയ പരാമര്‍ശം കേട്ട് അടുത്തിരുന്ന മുന്മന്ത്രിമാര് ചിരിക്കുകയായിരുന്നു. അവരുടെ മുഖം കണ്ടിട്ട് രാജ്യത്തിന് തന്നെ നാണക്കേട് തോന്നി. ഈ നിലയില്‍ രാജ്യം മാറിപ്പോയി. ബിജെപി രാജ്യത്ത് വിഷം ഇഞ്ചക്ട് ചെയ്തിരിക്കുന്നെന്നും തരൂര്‍ കുറ്റപ്പെടുത്തി.