ന്യൂഡല്‍ഹി : ഡിവൈഎഫ്ഐ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന സ്റ്റാര്‍ട്ട് അപ്പ് ഫെസ്റ്റിവലിലേക്ക് ശശി തരൂരിന് ക്ഷണം. ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹിം എംപി, സംസ്ഥാന സെക്രട്ടറി വി കെ സനോജ് എന്നിവര്‍ ഡല്‍ഹിയിലെ വസതിയിലെത്തിയാണ് തരൂരിനെ പരിപാടിയിലേക്ക് ക്ഷണിച്ചത്.
തിരുവനന്തപുരം ടാഗോര്‍ തിയറ്ററില്‍ മാര്‍ച്ച് 1,2 തിയതികളിലാണ് ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി സ്റ്റാര്‍ട്ട് അപ്പ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചിരിക്കുന്നത്. രാജ്യത്തു ആദ്യമായാണ് ഒരു യുവജന സംഘടന സ്റ്റാര്‍ട്ട് അപ്പ് ഫെസ്റ്റിവല്‍ നടത്തുന്നതെന്ന് ഡിവൈഎഫ്ഐ നേതാക്കള്‍ പറഞ്ഞു.
പങ്കെടുക്കണം എന്ന് ആഗ്രഹമുണ്ടെങ്കിലും ഈ രണ്ടു ദിവസങ്ങളിലും നേരത്തെ നിശ്ചയിച്ച പരിപാടികള്‍ക്കായി യാത്ര ഉള്ളതിനാല്‍ മാവാസോയില്‍ എത്തിച്ചേരാന്‍ സാധിക്കില്ല എന്ന് തരൂര്‍ ഡിവൈഎഫ്ഐ നേതാക്കളെ അറിയിച്ചു. വികസന കാര്യത്തില്‍ താന്‍ രാഷ്ട്രീയം നോക്കാറില്ലെന്ന് പറഞ്ഞ തരൂര്‍, ക്ഷണിക്കാന്‍ കാണിച്ച സന്മനസ്സിന് നന്ദി അറിയിച്ചെന്നും എ എ റഹിം വ്യക്തമാക്കി.