അഹമ്മദാബാദ്: ഐപിഎല്ലിന്റെ മിനി താരലേലത്തിനിടെ ചർച്ചകളിൽ നിറഞ്ഞ താരമാണ് ചണ്ഡിഗഡിൽ നിന്നുള്ള ശശാങ്ക് സിംഗ്. ലേലത്തിൽ പഞ്ചാബ് കിങ്സ് താരത്തെ സ്വന്തമാക്കിയെങ്കിലും മറ്റൊരു താരത്തെയാണ് ഉദ്ദേശിച്ചതെന്നും ആളുമാറിയെന്നും ഫ്രാഞ്ചൈസി അറിയിച്ചു. ലേലം ഉറപ്പിച്ചതിനാൽ മാറ്റം വരുത്താൻ സാധിക്കില്ലെന്ന് ഐപിഎൽ അധികൃതർ മറുപടി നൽകി. ആളുമാറിയതോടെ പഞ്ചാബിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ ട്രോളോട് ട്രോളായി. ശശാങ്ക് ഐപിഎല്ലിലെ ആദ്യ മത്സരത്തിൽ ഗോൾഡൻ ഡക്കായതോടെ പരിഹാസം വർധിച്ചു. എന്നാൽ എല്ലാത്തിനുമുള്ള മറുപടിയെന്നോണമായിരുന്നു കഴിഞ്ഞ ദിവസം ഗുജറാത്തിനെതിരായ ഇന്നിങ്സ്. 29 പന്തിൽ 61 റൺസ് നേടിയ ശശാങ്കിന്റെ കരുത്തിൽ പഞ്ചാബ് അപ്രതീക്ഷിത വിജയം സ്വന്തമാക്കി. ആളുമാറിയാണ് ടീമിലെടുത്തതെങ്കിലും പഞ്ചാബ് ടീമിൽ ഇപ്പോൾ ശശാങ്കാണ് താരം.
ചണ്ഡിഗഡിൽ നിന്നുള്ള മുപ്പത്തിരണ്ടുകാരൻ ശശാങ്ക് സിങ് 2019 മുതൽ ഐപിഎലിന്റെ ഭാഗമാണ്. 30 ലക്ഷം രൂപയ്ക്ക് 2019ൽ രാജസ്ഥാൻ റോയൽസിൽ എത്തിയ ശശാങ്ക്, 3 വർഷം ടീമിൽ തുടർന്നെങ്കിലും കാര്യമായ അവസരങ്ങൾ ലഭിച്ചില്ല. 2022ൽ അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്ക് സൺറൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കിയെങ്കിലും അവിടെയും വലിയ മെച്ചമുണ്ടായില്ല. അങ്ങനെയാണ് ഈ സീസണിലെ മിനി ലേലത്തിൽ ശശാങ്ക് പങ്കെടുക്കുന്നത്.
ഡൽഹി ക്യാപിറ്റൽസിനെതിരായ ആദ്യ മത്സരത്തിൽ അഞ്ചാമനായി ഇറങ്ങിയ ശശാങ്ക് ഗോൾഡൻ ഡക്കായി. എന്നാൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ മത്സരത്തിൽ 8 പന്തിൽ പുറത്താകാതെ 21 റൺസ് നേടി. ഗുജറാത്തിനെതിരെ 200 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബ് 8.4 ഓവറിൽ 4ന് 70 എന്ന നിലയിൽ പതറി നിന്നപ്പോഴാണ് ശശാങ്ക് ക്രീസിലെത്തിയത്. പരിചയസമ്പന്നനായ സിക്കന്ദർ റാസയും (15), ജിതേഷ് ശർമയും (16) മടങ്ങിയതോടെ 6ന് 150 എന്ന നിലയിലേക്കു പഞ്ചാബ് വീണു. തോൽവി ഉറപ്പിച്ച പഞ്ചാബിനെ മത്സരത്തിലേക്ക് തിരികെക്കൊണ്ടുവന്നത് 7–ാം വിക്കറ്റിൽ 22 പന്തിൽ 43 റൺസ് ചേർത്ത അശുതോഷ് ശർമ (17 പന്തിൽ 31) – ശശാങ്ക് കൂട്ടുകെട്ടാണ്. 29 പന്തിൽ 4 സിക്സും 6 ഫോറും അടക്കം പുറത്താകാതെ 61 റൺസ് നേടിയ ശശാങ്ക്, ഒരു പന്ത് ശേഷിക്കെ പഞ്ചാബിന് അവിശ്വസനീയ വിജയം സമ്മാനിച്ചു.