തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് നാലാം തവണയും ജനവിധി തേടുന്ന ശശി തരൂരിന്റെ സമ്പത്ത് ഇരട്ടിയായതായി രേഖ. 2014ൽ 23 കോടിയുണ്ടായിരുന്നത് ഇപ്പോൾ 55 കോടിയായാണ് വർധിച്ചത്. 2019ൽ 35 കോടിയായിരുന്നു സമ്പത്ത്. 19 ബാങ്ക് അക്കൗണ്ടുകളിലായി വിവിധ ബോണ്ടുകൾ, കടപ്പത്രങ്ങൾ, മ്യൂച്വൽ ഫണ്ടുകൾ, മറ്റ് സെക്യൂരിറ്റികൾ എന്നിവയിലെ നിക്ഷേപങ്ങൾ ഉൾപ്പെടെ 49 കോടിയിലധികം രൂപയുടെ ജംഗമ സ്വത്തുക്കൾ തനിക്കുണ്ടെന്ന് നാമനിർദേശ പത്രികയ്ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ തരൂർ വെളിപ്പെടുത്തി. 2023 സാമ്പത്തിക വർഷത്തിൽ ആകെ വരുമാനം 4.32 കോടി രൂപയാണ്.
ഇതുകൂടാതെ 32 ലക്ഷം രൂപ വിലമതിക്കുന്ന 534 ഗ്രാം സ്വർണവും പണമായി 36,000 രൂപയും ഉണ്ട്. മാരുതി സിയാസും മാരുതി XL6 എന്നീ കാറുകൾ ഉണ്ട്. തിരുവനന്തപുരത്ത് 10.47 ഏക്കർ ഭൂമി (6.20 കോടി രൂപ), പാലക്കാട് 2.51 ഏക്കർ കൃഷിഭൂമിയുടെ നാലിലൊന്ന് ഓഹരിയും (1.56 ലക്ഷം രൂപ) എന്നിവ ഉൾപ്പെടെ 6.75 കോടിയിലേറെയാണ് അദ്ദേഹത്തിന്റെ സ്ഥാവര സ്വത്തുക്കളുടെ മൂല്യം. തലസ്ഥാനത്തെ അദ്ദേഹത്തിന്റെ വീടിന് ഏകദേശം 52 ലക്ഷം രൂപ മതിപ്പുണ്ട്. ഇന്ത്യക്ക് പുറത്ത് ശശി തരൂരിന് 16 കോടിയിലധികം രൂപയുടെ നിക്ഷേപമുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. ഇതിൽ 5.11 ലക്ഷത്തിന്റെ ബിറ്റ് കോയിൻ ഇടിഎഫ് നിക്ഷേപവും യുഎസ് ട്രഷറി സെക്യൂരിറ്റിയിൽ 2 കോടി രൂപയുടെ നിക്ഷേപവുമുണ്ട്.