ദെഹ്റാദൂണ്‍: നിര്‍മാണം പൂര്‍ത്തിയാകാത്തിനാല്‍ അയോധ്യയിലെ രാമക്ഷേത്രം അപൂര്‍ണമാണെന്ന് ഉത്തരാഖണ്ഡ് ജ്യോതിഷ പീഠത്തിലെ ശങ്കരാചാര്യനായ അവിമുക്തേശ്വരാനന്ദ. അപൂര്‍ണമായ ക്ഷേത്രത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കുന്നത് മതഗ്രന്ഥങ്ങള്‍ക്ക് എതിരായതിനാല്‍ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാച്ചടങ്ങില്‍ പങ്കെടുക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ക്ഷേത്രമെന്നത് ഈശ്വരന്റെ ശരീരമാണ്. ക്ഷേത്രശിഖരങ്ങള്‍ പ്രതിനിധാനം ചെയ്യുന്നത് ഈശ്വരന്റെ നേത്രങ്ങളെയാണ്. ക്ഷേത്രത്തിന്റെ കലശം ഈശ്വരന്റെ ശിരസ്സും ക്ഷേത്രപതാക ഈശ്വരകേശവുമാണെന്നും ശങ്കരാചാര്യന്‍ അവിമുക്തേശ്വരാനന്ദ പറഞ്ഞു. ശിരസ്സോ നേത്രങ്ങളോ ഇല്ലാത്ത ശരീരത്തിലേക്ക് പ്രാണനെ പ്രവേശിപ്പിക്കുന്നത് യുക്തമല്ല. നിര്‍മാണം പൂര്‍ത്തിയാകാത്ത ക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠ നടത്തുന്നത് ഇതിന് സമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മതഗ്രന്ഥങ്ങള്‍ അനുശാസിക്കുന്ന വ്യവസ്ഥകള്‍ക്ക് എതിരായതിനാല്‍ താന്‍ പ്രതിഷ്ഠാച്ചടങ്ങില്‍ പങ്കെടുക്കുന്നപക്ഷം തന്റെ സാന്നിധ്യത്തില്‍ മതാനുശാസനങ്ങള്‍ ലംഘിക്കപ്പെട്ടതായി ജനങ്ങള്‍ പറയാനിടയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ക്ഷേത്രത്തിന്റെ നിര്‍മാണം പൂര്‍ത്തിയായ ശേഷം മാത്രം ആഘോഷപരിപാടികള്‍ നടത്തിയാല്‍ മതിയെന്ന കാര്യം അയോധ്യ ട്രസ്റ്റിലെ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള ഉത്തരവാദിത്തപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തിയതായും വിഷയത്തില്‍ ചര്‍ച്ച നടക്കുന്നതായും അവിമുക്തേശ്വരാനന്ദ അറിയിച്ചു. ജനുവരി 22-ന് നടക്കുന്ന ചടങ്ങില്‍ നാല് ശങ്കരാചാര്യന്മാരും പങ്കെടുക്കാത്തതിനെ കുറിച്ച് വിവാദങ്ങള്‍ പുകയുന്നതിനിടെയാണ് ശങ്കരാചാര്യന്‍ അവിമുക്താനന്ദയുടെ പ്രതികരണം.
ഉത്തരാഖണ്ഡ്, ഒഡിഷ, കര്‍ണാടക, ഗുജറാത്ത് എന്നിവടങ്ങളിലെ നാല് ശങ്കരാചാര്യന്മാരും രാമക്ഷേത്രപ്രതിഷ്ഠാച്ചടങ്ങില് പങ്കെടുക്കില്ലെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. ക്ഷേത്രത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകാതെ പ്രതിഷ്ഠാച്ചടങ്ങ് നടത്തുന്നതിനാല്‍ തങ്ങള്‍ പങ്കെടുക്കില്ലെന്നറിയിച്ച് കോണ്‍ഗ്രസ് പാര്‍ട്ടി രംഗത്തെത്തിയതും ഇതേത്തുടർന്നായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങില്‍ അധ്യക്ഷത വഹിക്കുന്നതിനാല്‍ പ്രതിഷ്ഠാച്ചടങ്ങിന് രാഷ്ട്രീയപരിവേഷം കൈവന്നതിനാലാണ് താന്‍ ചടങ്ങിലേക്കുള്ള ക്ഷണം നിരസിക്കുന്നതെന്ന് പുരി ഗോവര്ദ്ധന്പീഠത്തിലെ ശങ്കരാചാര്യനായ സ്വാമി നിശ്ചലാനന്ദ സരസ്വതി അറിയിച്ചിരുന്നു. കര്‍ണാടകയിലെ ശങ്കരാചാര്യന്‍ ഭാരതി തീര്‍ഥയും ഗുജറാത്തിലെ ശങ്കരാചാര്യന്‍ സദാനന്ദ സരസ്വതിയും ചടങ്ങില്‍നിന്ന് വിട്ടുനില്‍ക്കും.