ആലപ്പുഴ: എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാൻ വധക്കേസിൽ പ്രതികളായ ആർഎസ്എസുകാരുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നത് 26ലേക്ക് മാറ്റി. കേസിൽ കുറ്റപത്രം മടക്കണമെന്ന ആവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹർജിയിൽ വാദം പൂർത്തിയായി. 26ന് വിധി പറയും.
ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി- മൂന്നാണ് കേസ് പരിഗണിച്ചത്. ആർഎസ്എസുകാരായ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി പി ഹാരിസ് ആണ് ഹർജി നൽകിയിരുന്നു. കേസിൽ 11 പേരാണ് പ്രതികൾ. കുറ്റപത്രം മടക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹർജിയിൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറുടെ വാദവും കേട്ട ശേഷമാണ് 26ന് വിധിപറയാൻ തീരുമാനിച്ചത്.
2021 ഡിസംബർ 18ന് മണ്ണഞ്ചേരി- –- പൊന്നാട് റോഡിൽ കുപ്പേഴം ജങ്ഷനിൽനിന്ന് വീട്ടിലേക്ക് സ്കൂട്ടറിൽ പോകുകയായിരുന്ന കെ എസ് ഷാനെ കാർ ഇടിച്ചുവീഴ്ത്തിയശേഷം അഞ്ചംഗസംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഇതേതുടർന്നാണ് പിറ്റേന്ന് പുലർച്ചെ ഒബിസി മോർച്ച സംസ്ഥാനസെക്രട്ടറി രഞ്ജിത് ശ്രീനിവാസനെ എസ്ഡിപിഐ സംഘം വീടുകയറി ആക്രമിച്ച് കൊലപ്പെടുത്തിയത്. ഈ കേസിൽ പ്രതികളായ 15 പേരെയും വധശിക്ഷയ്ക്ക് വിധിച്ചിരുന്നു.