

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയില്‍ അതൃപ്തി പരസ്യപ്പെടുത്തി എഐസിസി വക്താവ് ഷമ മുഹമ്മദ്. വെള്ളിയാഴ്ച എക്സ് അക്കൗണ്ടിലൂടെയാണ് ഷമ അതൃപ്തി അറിയിച്ചത്. സംസ്ഥാനത്തെ കോണ്‍ഗ്രസിലുള്ള വനിതകളെ സഹായിക്കാന്‍ രാഹുല്‍ ഗാന്ധി തയ്യാറാകണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മത്സരിക്കുന്ന 92 സീറ്റുകളില്‍ വെറും ഒന്‍പത് എണ്ണം മാത്രമാണ് വനിതകള്‍ക്ക് നല്‍കിയതെന്നും ലോക്സഭയിലേക്ക് ആകെ ഒരു വനിതയെ മാത്രമാണ് പരിഗണിച്ചതെന്നും അവര്‍ പറഞ്ഞു. കഴിവുള്ള സ്ത്രീകള്‍ പാര്‍ട്ടിയിലുണ്ടെങ്കിലും അവരുടെ സ്ഥിതി നിലവില്‍ പരിതാപകരമാണെന്നും ഷമ മുഹമ്മദ് കൂട്ടിച്ചേര്‍ത്തു.
നിരസിക്കപ്പെട്ടു, എന്നാല്‍ തോല്‍പ്പിക്കാനാവില്ല- ഷമ പോസ്റ്റില്‍ പറഞ്ഞു. കണ്ണൂര്‍ മണ്ഡലത്തില്‍ ഇത്തവണ സ്ഥാനാര്‍ഥിയായി ഷമയെ പരിഗണിക്കുമെന്ന് ചര്‍ച്ചകളുണ്ടായിരുന്നു. സ്ഥാനാര്‍ഥി പട്ടിക വന്നപ്പോള്‍ കണ്ണൂരില്‍ ടി ഒ മോഹനനാണ് സ്ഥാനാര്‍ഥി.