കൊച്ചി: മറുനാടന്‍ മലയാളി ഉടമ ഷാജന് സ്കറിയയ്ക്കെതിരായ അന്വേഷണത്തിന്റെ ഭാഗമായി പത്തനംതിട്ടയിലെ മാധ്യമ പ്രവര്ത്തകന് ജി വിശാഖന്റെ ഫോണ്‍ പിടിച്ചെടുത്ത പൊലീസ് നടപടിക്കെതിരെ ഹൈക്കോടതി. കേസില്‍ പ്രതിയല്ലാത്ത ഒരാളുടെ ഫോണ്‍ എങ്ങനെ പിടിച്ചെടുക്കുമെന്ന് കോടതി ആരാഞ്ഞു. വിശാഖന്റെ ഫോണ്‍ ഉടന്‍ വിട്ടുനല്‍കാന്‍ ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന് ഉത്തരവിട്ടു.
ഷാജന് സ്കറിയയെ പിടികൂടേണ്ടത് പൊലീസിന്റെ ഉത്തരവാദിത്വമാണെന്ന് കോടതി പറഞ്ഞു. അതിന്റെ പേരില്‍ മറ്റു മാധ്യമ പ്രവര്‍ത്തകരെ ഉപദ്രവിക്കരുത്. മാധ്യമ പ്രവര്‍ത്തകര്‍ ജനാധിപത്യത്തിന്റെ നാലാം തൂണാണ്. അന്വേഷണത്തിന്റെ ഭാഗമായി ഫോണ്‍ പിടിച്ചെടുക്കുന്നുണ്ടെങ്കില്‍തന്നെ നടപടിക്രമങ്ങള്‍ പാലിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഫോണ്‍ പിടിച്ചെടുത്ത പൊലീസ് നടപടിക്കെതിരെ ജി വിശാഖന് നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്.