തിരുവനന്തപുരം: തിരുവല്ലത്ത് യുവതി മരിച്ചത് ഭർതൃവീട്ടിൽ നിന്നേറ്റ ക്രൂരമായ മാനസിക- ശാരീരിക പീഡനം മൂലമാണെന്ന് മാതാവ്.രണ്ടുവർഷം മുമ്പ് കൊറോണക്കാലത്താണ് നൗഫലും ഷഹാനയും തമ്മിൽ വിവാഹം നടന്നത്. സ്ത്രീധനമായൊന്നും വേണ്ടെന്ന് പറഞ്ഞാണ് അവർ പറഞ്ഞിരുന്നു. എന്നാൽ കല്യാണം കഴിഞ്ഞ് ആറുമാസം പിന്നിട്ടപ്പോൾ തന്നെ ഷഹാനയെ ഭർതൃവീട്ടുകാർ ക്രൂരമായ മാനസികമായും ശാരീരികമായും പീഡിപ്പിക്കാൻ തുടങ്ങിയതായി മാതാവ്.
പ്രശ്നങൾ ഉണ്ടാകുമ്പോൾ മകൾ വീട്ടിലേക്ക് വരും പിന്നീട് ചർച്ചകളിലൂടെ അവ പരിഹരിച്ച ശേഷമാണ് ഭർതൃവീട്ടിലേക്ക് മടങ്ങിപോകുന്നത്. പ്രശ്നങ്ങൾ പരിഹരിച്ചാലും മകൾക്ക് ക്രൂരമായ പീഡനങ്ങളാണ് പിന്നീടും ഭർതൃവീട്ടിൽ അനുഭവിക്കേണ്ടി വന്നത്. രണ്ടു വീട്ടുകാരും തമ്മിലുള്ള സാമ്പത്തിക അന്തരം ചൂണ്ടിക്കാട്ടി ഭർതൃമാതാവ് പരിഹസിക്കുകയും മർദ്ദിക്കുകയും ചെയ്തിരുന്നു. നിസാര പ്രശ്നങ്ങൾക്കുപോലും ‘അവളെയങ്ങ് കൊണ്ടാക്ക്, അല്ലെങ്കിൽ ഡൈവോഴ്സ് ചെയ്യ്’ എന്ന് പറഞ്ഞു ഭർതൃമാതാവ് മാനസികമായി പീഡിപ്പിക്കും. ഇതിന് പൂർണമായും ഭർതൃപിതാവ് ഒത്താശചെയ്ത് നൽകിയതായി ഷഹാനയുടെ മാതാവ് മീഡിയവണ്ണിനോട് വ്യക്തമാക്കി.
ഈ അടുത്തും മകൾക്ക് ക്രൂരമായ ശാരീരിക പീഡനമാണ് ഭർതൃവീട്ടിൽ നിന്നേൽക്കേണ്ടി വന്നത്. തലയിൽ അടിക്കുകയും മുടിയിൽ പിടിച്ചു വലിക്കുകയും മർദ്ദിക്കുകയും ചെയ്തു. പീഡനം സഹിക്കാനാകാതെ മകൾ തന്നെ വിഡിയോകാൾ വിളിച്ചപ്പോൾ ഭർതൃമാതാവ് ഫോൺ തട്ടിപ്പറിച്ച ശേഷം മോളോട് അവളെ കൊല്ലുമെന്ന് ആക്രോശിക്കുകയും മർദ്ദിക്കുകയും ചെയ്തു. കുറച്ചുകഴിഞ്ഞ് നൗഫൽ ഞങ്ങളെ വിളിച്ചു ഉടൻ ആശുപത്രിയിലെത്തണമന്ന് പറഞ്ഞു.
ആശുപത്രിയിലെത്തിയപ്പോൾ ക്രൂരമായ പീഡനത്തിനിരയായത് പോലെയായിരുന്നു മകളുടെ അവസ്ഥ. മുഖത്തും ചുണ്ടിലും വലിയ മുറിവുകളുണ്ടായിരുന്നു. കൈയും തുടയും കടിച്ചു മുറിച്ച നിലയിലായിരുന്നു വിതുമ്പികൊണ്ട് ഷഹാനയുടെ ഉമ്മ പറയുന്നു. പരാതി കൊടുക്കാൻ തീരുമാനിച്ചപ്പോൾ പുറം ലോകം അറിഞ്ഞാൽ താൻ എന്തെങ്കിലും ചെയ്തു കളയുമെന്ന് ഷഹാനയുടെ ഭർത്താവ് നൗഫൽ പറഞ്ഞതായി മാതാവ് വ്യക്തമാക്കുന്നു. ഇതിനെ തുടർന്നാണ് പരാതി നൽകാതിരുന്നത്.
കഴിഞ്ഞ രണ്ടുമാസമായി ഷഹാന സ്വന്തം വീട്ടിലായിരുന്നു താമസം. കഴിഞ്ഞ ദിവസം ഷഹാനയെ കാണാൻ വീട്ടിലെത്തിയ നൗഫൽ ഒന്നര വയസുകാരനായ കുട്ടിയെയും എടുത്തുകൊണ്ടു പോയതാണ് മരണത്തിനുള്ള പെട്ടെന്നുള്ള പ്രേരണയായത് എന്ന് ബന്ധുക്കൾ പറയുന്നു.മർദ്ദനമേറ്റതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അതെ സമയം കുഞ്ഞിനെ കൊണ്ടുപോയ മനോവിഷമം മൂലമാണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന്റെ എഫ്ഐആർ റിപ്പോർട്ട് പറയുന്നത്.മരണത്തില് വിശദമായ അന്വേഷണത്തിനൊരുങ്ങിയിരിക്കുകയാണ് പൊലീസ്.