തിരുവനന്തപുരം: സോളാര്‍ കേസിലെ ഗൂഢാലോചന സംബന്ധിച്ച പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസില്‍ നിയമസഭയില്‍ ചര്‍ച്ച തുടങ്ങി. മുഖ്യമന്ത്രി ആദ്യം ഉമ്മന്‍ ചാണ്ടിയോട് മാപ്പ് പറയണമെന്ന് അടിയന്തരപ്രമേയം അവതരിപ്പിച്ച ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു.
അഞ്ച് വ്യാജ കത്തുകളുടെ പേരിലാണ് സുതാര്യമായ പൊതുജീവിതം നയിച്ച ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയത്. ഗണേശ് കുമാറിന്റെ പിഎ പരാതിക്കാരിയുടെ കത്തുകള്‍ കൈപ്പറ്റിയെന്ന് സിബിഐ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്. നിരപരാധിയാണെന്ന് അറിഞ്ഞിട്ടും ഉമ്മന്‍ ചാണ്ടിയെ ക്രൂരമായി വേട്ടയാടി. വിഎസിനേപ്പോലുള്ളവര് ഹീനമായി വ്യക്തിഹത്യ നടത്തി. അധികാരമേറ്റെടുത്ത് മൂന്നാം നാള് കേസിലെ പരാതിക്കാരിയെ സ്വന്തം ഓഫീസിലേക്ക് വിളിച്ച് വരുത്തി പരാതി എഴുതി വാങ്ങിയ ആളാണ് മുഖ്യമന്ത്രി പിണറായി വിജയന്. പിണറായിക്ക് ഇരട്ട ചങ്കല്ല, ഇരട്ട മുഖമാണ് ഉള്ളതെന്നും ഷാഫി പരിഹസിച്ചു.
സോളാര്‍ കേസ് രാഷ്ട്രീയ ദുരന്തമാണ്. മാപ്പ് പറയാതെ വിഷയത്തേക്കുറിച്ച് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ സംസാരിക്കരുത്. ഉമ്മന്‍ ചാണ്ടി ക്ഷമിച്ചാലും കേരളത്തിലെ പൊതുസമൂഹം മാപ്പ് തരില്ലെന്നും ഷാഫി കൂട്ടിച്ചേര്‍ത്തു.