കോഴിക്കോട്: വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ കെ ശൈലജയ്ക്കും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമെതിരെ പരാതി നല്കി വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍. തെറ്റായ പ്രചാരണങ്ങളും ആരോപണങ്ങളും നടത്തിയത് സംബന്ധിച്ചാണ് ഷാഫി ഡിജിപിക്ക് പരാതി നല്‍കിയത്. വക്കീല്‍ നോട്ടീസയച്ചിട്ടും ആരോപണം പിന്‍വലിക്കില്ലെന്നും മാപ്പ് പറയില്ലെന്നും കെ കെ ശൈലജ പറഞ്ഞതോടെയാണ് ഡിജിപിക്ക് നേരിട്ട് പരാതി നല്കാന് തീരുമാനിച്ചത്.
ഏപ്രില്‍ 16-ന് കെ കെ ശൈലജ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ തന്റെ അശ്ലീല വീഡിയോ പ്രചരിക്കുന്നുണ്ടെന്നാണ് ആരോപിച്ചത്. ഈ വീഡിയോകളും ഫോട്ടോകളും വോട്ടര്‍മാരെ പ്രത്യേകിച്ച് മുസ്ലീം വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കാനാണെന്നും പറഞ്ഞിരുന്നു. ഇത് തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടത്തിന്റെ നഗ്നമായ ലംഘനമാണെന്നും യുഡിഎഫ് സ്ഥാനാര്‍ഥിയും അനുയായികളും ചേര്‍ന്നുള്ള ഗൂഢാലോചനയുടെ ഫലമാണെന്നും അവര്‍ പറഞ്ഞു. വീഡിയോ പ്രചരിപ്പിച്ചത് വടകര മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ചേര്‍ന്നുള്ള ഗൂഢാലോചനയുടെ ഭാഗമായിട്ടാണെന്ന് എം വി ഗോവിന്ദന് പറഞ്ഞിരുന്നു. ആരോപണങ്ങള്‍ പിന്‍വലിച്ച് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടാണ് ഷാഫി പറമ്പില്‍ നോട്ടീസ് അയച്ചത്.
എതിര് സ്ഥാനാര്‍ഥിക്കെതിരെയുള്ള വ്യാജ പ്രചാരണം നടത്തിക്കൊണ്ടുള്ള തെരഞ്ഞെടുപ്പ് മാതൃക പെരുമാറ്റചട്ടത്തിന്റെ ലംഘനം മാത്രമല്ലെന്നും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരമുള്ള കുറ്റകൃത്യമാണെന്നുമാണ് ഷാഫിയുടെ പരാതി.