കൊച്ചി: ആരോഗ്യ സർവകലാശാല വിദ്യാർഥി യൂണിയൻ ജനറൽ കൗൺസിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് എട്ട് സീറ്റുകളിൽ വിജയം. രണ്ട് സീറ്റുകളിൽ എംഎസ്എഫ് സ്ഥാനാർഥികളും വിജയിച്ചു. വിദ്യാർഥി യൂണിയൻ ജനറൽ കൗൺസിലെ പ്രൈവറ്റ്, അൺ എയ്ഡഡ്, സ്വാശ്രയ കോളേജുകളിൽ നിന്നുള്ള 10 പ്രതിനിധികളെ കണ്ടെത്തുന്നതിനായാണ് തെരഞ്ഞെടുപ്പ് നടന്നത്.
തെരഞ്ഞെടുപ്പിൽ നേഴ്സിങ്, ഫാർമസി സീറ്റുകളാണ് എംഎസ്എഫ് നേടിയത്. അതേസമയം തൃശൂരിൽ സർവകലാശാല ആസ്ഥാനത്ത് നടന്ന വോട്ടെണ്ണലിനിടെ തർക്കമുണ്ടായി. 10 സീറ്റുകളിൽ എട്ട് സീറ്റുകളിൽ എസ്എഫ്ഐ വിജയിച്ചിരുന്നു. ഒരു സീറ്റ് എംഎസ്എഫും നേടി. അവശേഷിച്ച ഒരു സീറ്റ് ടോസിലൂടെ എംഎസ്എഫ് വിജയിച്ചു. എന്നാൽ എംഎസ്എഫിന് ലഭിച്ച നാല് അസാധു വോട്ടുകൾ മാറ്റി വെക്കാതെയാണ് വോട്ടെണ്ണിയതെന്ന് എസ്എഫ്ഐ ആരോപിച്ചു. തർക്കത്തെ തുടർന്ന് വൈകിയാണ് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചത്.