തിരുവനന്തപുരം: പ്രതിഷേധത്തിനെതിരെ ഗവർണർ ഗുരുതര ആരോപണങ്ങളുന്നയിച്ച് രംഗത്ത് വന്നെങ്കിലും പിന്നോട്ടില്ലെന്ന് നിലപാടിലാണ് എസ്.എഫ്.ഐ. ഗവർണറെ തടയാന്‍ തന്നെയാണ് എസ്.എഫ്.ഐ തീരുമാനം..ഇതോണോ തനിക്കൊരുക്കിയ സുരക്ഷയെന്ന ഗവർണറുടെ ചോദ്യത്തിന് പിന്നില്‍ വരും ദിവസങ്ങളിലെ രാഷ്ട്രീയ നീക്കങ്ങളുടെ സൂചനയും സി.പി.എം കാണുന്നുണ്ട്.
സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഇതുവരെ കാണാത്ത ദൃശ്യങ്ങളാണ് ഇന്നലെ രാത്രി കേരളം കണ്ടത്. എസ്.എഫ്.ഐയുടെ കരിങ്കൊടി പ്രതിഷേധത്തിനെതിരെ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങിയാണ് ഗവർണർ പ്രതിഷേധിച്ചത്. മുഖ്യമന്ത്രിയെ ലക്ഷ്യം വച്ചാണ് ഗവർണറുടെ വാക്കുകള്‍. എന്നാല്‍ സർവ്വകലാശാലകളെ സംഘപരിവാർ വത്കരിക്കുന്ന ഗവർണറുടെ നീക്കത്തിനെതിരെ പ്രതിഷേധം തൂടരാനാണ് എസ്.എഫ്.ഐ തീരുമാനം. ഗവർണറുടെ പരിപാടികളില്‍ കരിങ്കൊടി പ്രതിഷേധം തുടരാനാണ് എസ്.എഫ്.ഐ നീക്കം. ഇതാണോ തനിക്കൊരുക്കിയ സുരക്ഷ എന്ന് ഗവർണറുടെ ചോദ്യത്തിന് പിന്നില്‍ മറ്റ് ചില രാഷ്ട്രീയ മാനങ്ങള്‍ കൂടി സി.പി.എം കാണുന്നുണ്ട്.
സംസ്ഥാനത്ത് ക്രമസമാധാന നില തകർന്നുവെന്ന റിപ്പോർട്ട് അടക്കം ഗവർണർ കേന്ദ്രത്തിന് നല്‍കാനുള്ള സാധ്യതകള്‍ സി.പി.എം തള്ളുന്നില്ല. എന്നാല്‍ കരിങ്കൊടി പ്രതിഷേധങ്ങള്‍ മുഖ്യമന്ത്രിക്കെതിരെ ഉണ്ടായപ്പോള്‍ മൗനം പാലിച്ച ഗവർണർ തനിക്കെതിരെ പ്രതിഷേധം ഉണ്ടാകുമ്പോള്‍ മാത്രം രോഷാകുലനാകുന്നത് എന്തിന് എന്ന ചോദ്യമാണ് സി.പി.എം നേതാക്കള്‍ മുന്നോട്ടു വയ്ക്കുന്നത്.