തിരുവല്ല: ഡയറ്റിലെ ഹോസ്റ്റലിൽ വിദ്യാർഥി ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രിൻസിപ്പലിനെ തടഞ്ഞുവച്ച് എസ്എഫ്ഐ പ്രതിഷേധം. മലയാളം വിഭാഗം അധ്യാപിക മിലീന ജയിംസിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് എസ്എഫ്ഐയുടെ പ്രതിഷേധം.
എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധമായി എത്തിയാണ് പ്രവർത്തകർ പ്രിൻസിപ്പലിന്റെ ചുമതല വഹിക്കുന്ന മിനി ബെഞ്ചമിനെ തടഞ്ഞുവച്ചത്. അധ്യാപികയ്ക്കെതിരെ നടപടി സ്വീകരിക്കാതെ പിരിഞ്ഞു പോകില്ലെന്ന നിലപാടിലാണ് പ്രവർത്തകർ. പൊലീസിന്റെ സാന്നിധ്യത്തിലായിരുന്നു പ്രതിഷേധം. ഇവരെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. അധ്യാപികയ്ക്കെതിരെ നടപടി സ്വീകരിക്കാൻ ആവശ്യമായ പരാതി ഇല്ലെന്നായിരുന്നു കോളജ് അധികൃതരുടെ നിലപാട്.